ജയ് ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവം: ബിജെപിക്കുള്ളിലും അതൃപ്തി പുകയുന്നു

പാലക്കാട് നഗരസഭക്ക് മുകളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതിയ ഫ്‌ളക്‌സ് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപിക്കുള്ളിലും അതൃപ്തി പുകയുന്നു. അപക്വമായ നടപടിയാണ് സംഭവത്തിനു പിന്നിലെന്ന് ബിജെപി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണ മേനോന്‍ ട്വന്റിഫോറിനോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്നും ബിജെപി പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.
പാലക്കാട് നഗരസഭയില്‍ തുടര്‍ ഭരണം സാധ്യമായതോടെ ശ്രീരാമനെ ഉയര്‍ത്തി നടന്ന വിജയാഘോഷം വിവാദമായിരുന്നു. സംഭവത്തില്‍ ബിജെപിക്കകത്ത് തന്നെ അമര്‍ഷം മറനീക്കി പുറത്തുവരികയാണ്. മുനിസിപ്പാലിറ്റിക്ക് മുന്നിലും മാര്‍ക്കറ്റിലും വെക്കേണ്ടതല്ല ശ്രീരാമന്റെ ചിത്രമെന്നും പ്രവര്‍ത്തകരുടെത് അപക്വമായ പെരുമാറ്റമെന്നും ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.
ബിജെപി പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഒരു ദിവസമെങ്കിലും കൊടി പിടിച്ച ആരും സംഘടന വിട്ട് പോകാന്‍ കാരണമുണ്ടാക്കരുത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. എല്ലാവരെയും ഒരുമിച്ചു നിര്‍ത്താനാകാത്തത് നേട്ടമുണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്തി.
പുനഃസംഘടനക്ക് ശേഷം സംഘടനയില്‍ കമ്മറ്റികള്‍ സജീവമായിട്ടില്ല. എല്ലാവരെയും സംഘടനയുടെ ഭാഗമാക്കി കൊണ്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം പ്രകടനം വിലയിരുത്താന്‍ സംഘപരിവാര്‍ സംഘടനകളുടെ യോഗം ഇന്ന് ചേരുന്നുണ്ട്. ഇതിനിടെയാണ് ഒരു മുതിര്‍ന്ന നേതാവ് കൂടി നേതൃത്വത്തെ വിമര്‍ശിച്ചു രംഗത്ത് എത്തുന്നത്.
Story Highlights – Jai Shriram Flex – bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here