കാർഷിക നിയമ ഭേദഗതി; ബദൽ നിയമം കൊണ്ട് വരുന്നത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമ ഭേദഗതിക്കെതിരെ ബദൽ നിയമം കൊണ്ട് വരുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ. സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്ഥതല സബ്കമ്മിറ്റിയെ ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേന്ദ്ര കാർഷിക നിയമഭേദഗതി തളളിക്കളയാൻ മറ്റേന്നാൾ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ചേർക്കുന്നതിന് ഗവർണറോട് മന്ത്രിസഭായോഗം ശുപാർശ ചെയ്തു.

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമഭേദഗതി മറികടക്കാൻ മൂന്ന് കാർഷിക ബില്ലുകൾ പഞ്ചാബ് സർക്കാർ പാസാക്കിയിരിന്നു. ഇത് മാതൃകയാക്കിയാണ് കേരളവും ബദൽ നിയമത്തെ കുറിച്ച് ആലോചിക്കുന്നത്. സർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയെക്കാൾ കുറഞ്ഞ വിലയിൽ കാർഷിക ഉത്പന്നങ്ങളുടെ വിൽപന കരാർ ഉണ്ടാക്കുന്നത് കുറ്റകരമാകുമെന്നായിരുന്നു പഞ്ചാബിലെ പുത്തൻ നിയമം. ഇത്തരം നിയമനിർമാണമാണ് കേരളവും പരിഗണിക്കുന്നത്. നിയമം കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കാൻ ഉദ്യോഗസ്ഥതല സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. ജനുവരി എട്ടിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ നിയമം പാസാക്കാനാണ് ആലോചന. കർഷക സമരത്തെ പിന്തുണയ്ക്കുന്നതിനാൽ ബില്ലിൽ പ്രതിപക്ഷ പിന്തുണയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, കേന്ദ്രത്തിന്റെ കാർഷിക നിയമ ഭേദഗതി തള്ളാൻ മറ്റെന്നാൾ നിയമസഭ സമ്മേളനം ചേരും. ഒരു മണിക്കൂർ നീളുന്ന സമ്മേളനത്തിൽ കക്ഷി നേതാക്കൾക്ക് മാത്രമായിരിക്കും സംസാരിക്കാൻ അവസരം. നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിൽ സംസ്ഥാന സർക്കാരും ഗവർണറും രണ്ടു തട്ടിലായിരുന്നു.

Story Highlights – Agricultural law amendment; Bringing in alternative legislation is under consideration by the state government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top