കര്‍ഷക പ്രക്ഷോഭം: കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍

കര്‍ഷക പ്രക്ഷോഭം പുതിയ രൂപങ്ങളിലേക്ക് കടക്കുന്നതിനിടെ, കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍. ചര്‍ച്ചയ്ക്കുള്ള തീയതി കര്‍ഷകര്‍ക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, കര്‍ഷക നേതാക്കള്‍ ഇന്ന് മുതല്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും. പ്രക്ഷോഭത്തിന് പിന്തുണ തേടി കര്‍ഷക സംഘടനാ നേതാക്കള്‍, ട്രേഡ് യൂണിയന്‍ നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചര്‍ച്ച നടത്തും.

കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള ചര്‍ച്ച ഉടനുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സൂചന നല്‍കിയിരുന്നു. രാത്രിയോടെ കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍, കര്‍ഷക സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കത്ത് അയച്ചു. വിഗ്യാന്‍ ഭവനിലായിരിക്കും ചര്‍ച്ച. തീയതി കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്നും കത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കര്‍ഷക സംഘടനകളുടെ നിലപാട് നിര്‍ണായകമാകും.

സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുത്തേക്കും. അതേസമയം, 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹത്തിന് ഇന്ന് തുടക്കമിടും. സിംഗുവിലെ പ്രക്ഷോഭ വേദിയില്‍ പതിനൊന്ന് കര്‍ഷക നേതാക്കള്‍ ഏകദിന ഉപവാസമിരിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ റിലേ നിരാഹാരം തുടരാനാണ് തീരുമാനം. അതിനിടെ, ഡല്‍ഹിയിലെ പ്രക്ഷോഭ സ്ഥലത്ത് നിന്ന് മടങ്ങിയ യുവ കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പഞ്ചാബ് ബട്ടിന്‍ഡയിലെ വീട്ടില്‍ വിഷം കഴിച്ച നിലയിലായിരുന്നു ഇരുപത്തിരണ്ടുകാരനായ യുവാവിനെ കണ്ടെത്തിയത്.

Story Highlights – Farmers Protest: Govt invites farmers’ organizations for talks

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top