സിദ്ദിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി കുടുംബം

ഹത്റാസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി പൊലീസ് അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന ആവശ്യവുമായി കുടുംബം. മോചനത്തിനായി മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് സിദ്ദിഖിന്റെ ഭാര്യ റെയ്ഹാനത്ത് വാർ‌ത്താസമ്മേളനത്തിൽ പറഞ്ഞു.

സിദ്ദിഖ് കാപ്പന്‍ കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഉത്തർപ്രദേശ് പൊലീസിന്റെ ആരോപണം. ഇതുൾപ്പെടെ ഉത്തർപ്രദേശ് പൊലീസിന്റെ വാദങ്ങളെല്ലാം കള്ളമാണ്. ഹത്റാസിലേയ്ക്ക് പോകാന്‍ സി.പി.ഐ.എം നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കാന്‍ യു.പി പൊലീസ് സിദ്ദിഖ് കാപ്പനെ പ്രേരിപ്പിച്ചുവെന്നും റെയ്ഹാനത്ത് ആരോപിച്ചു.

സിദ്ദിഖ് ഒരു രാഷ്ട്രീയ പാർട്ടിയുടേയും വക്താവല്ല. അദ്ദേഹം മാധ്യമപ്രവർത്തകനാണ്. സംഭവം നടന്നത് മറ്റൊരു സംസ്ഥാനത്തായതിനാല്‍ ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിന്റെ വാദം. ഇനി പ്രതീക്ഷ സുപ്രിംകോടതിയിൽ മാത്രമാണ്. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ ചെയ്യാന്‍ അനുമതിയുണ്ട്. എന്നാല്‍ സിദ്ദിഖിനെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും റെയ്ഹാനത്ത് വ്യക്തമാക്കി.

Story Highlights – Siddique kappan, Pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top