ഗവർണറുടെ തീരുമാനം നിർഭാഗ്യകരവും ജനാധിപത്യവിരുദ്ധവും; ഒറ്റക്കെട്ടായി വിമർശിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ ഒറ്റക്കെട്ടായി വിമർശിച്ച് സർക്കാരും പ്രതിപക്ഷവും. ഗവർണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി വി.എസ് സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി ജോസഫ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
നടപടി അസാധാരണം: സ്പീക്കർ
ഗവർണറുടെ നടപടി അസാധാരണമെന്നായിരുന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം. ഗവർണർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. സർക്കാർ നിയമവശങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും സ്പീക്കർ പറഞ്ഞു.
ഗവർണറുടേത് ജനാധിപത്യ വിരുദ്ധ നടപടി: മന്ത്രി വി.എസ് സുനിൽകുമാർ
ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ഗവർണറുടേത് രാഷ്ട്രീയ തീരുമാനമെന്ന് കരുതേണ്ടി വരും. സാഹചര്യം എന്തായാലും ഗവർണർ നിയമസഭാ സമ്മേളനത്തിന് അനുമതി നൽകേണ്ടതായിരുന്നു. കേന്ദ്ര നിയമത്തിലെ വിയോജിപ്പ് നിയമസഭയ്ക്ക് അകത്ത് പ്രകടിപ്പിക്കാൻ അവകാശമുണ്ട്. സഭ കൂടേണ്ട അടിയന്തര സാഹചര്യമെന്താണെന്ന് മന്ത്രിസഭയാണ് തീരുമാനിക്കേണ്ടത്. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കും. ഗവർണറെ വീണ്ടും സമീപിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തീരുമാനം നിർഭാഗ്യകരം: പ്രതിപക്ഷ നേതാവ്
ഗവർണറുടെ തീരുമാനം നിർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെമ്പേഴ്സ് ലോഞ്ചിൽ സമ്മേളിച്ച് സഭാംഗങ്ങൾ പ്രമേയം പാസാക്കണം. ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഗവർണർ കേന്ദ്രസർക്കാരിന്റെ ചട്ടുകമാകരുത്: കാനം രാജേന്ദ്രൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രസർക്കാരിന്റെ ചട്ടുകമാകരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
ഗവർണർ ബിജെപി വക്താവായി മാറി: കെ. സി ജോസഫ്
നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്. ഗവർണറുടേത് വളരെ അസാധാരണമായ നടപടിയാണ്. കേരള ചരിത്രത്തിൽ ഇതിന് മുൻപ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ടില്ല. ഗവർണർ ബിജെപിയുടെ വക്താവായി മാറിയെന്നും കെ.സി ജോസഫ് പറഞ്ഞു.
നിയമസഭ വിളിച്ചുകൂട്ടുക എന്നത് മന്ത്രിസഭയുടെ അധികാരമാണ്. രാജ്യ തലസ്ഥാനത്ത് കർഷകരുടെ സമരം ആളിക്കത്തുമ്പോൾ വിഷയത്തിന് ഗൗരവമില്ല എന്ന് പറയുന്നത് ശരിയല്ല. ഗവർണർ നിലപാട് പുനഃപരിശോധിക്കണം. മന്ത്രിസഭയുടെ ശുപാർശ അനുസരിച്ച് നിയമസഭ വിളിച്ചുകൂട്ടാൻ നടപടി സ്വീകരിക്കണമെന്നും കെ.സി ജോസഫ് പറഞ്ഞു.
Story Highlights – Governor arif muhammad khan, Farm law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here