സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായി; കുഞ്ഞുങ്ങളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

കുട്ടികളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാറാ(45)ണ് അറസ്റ്റിലായത്. മർദന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.

കഴിഞ്ഞ ദിവസമാണ് രണ്ട് കുഞ്ഞുങ്ങളെ ഒരാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചത്. നിരവധി പേർ ഈ വിഡിയോ കേരള പൊലീസിന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലേക്ക് അയച്ചു നൽകി. തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തങ്ങളുടെ പേജിൽ ഒരു പോസ്റ്റിടുകയും ചെയ്തു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ച് ചിലർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാറാണ് മർ​ദിച്ചതെന്ന് സോഷ്യൽ മീഡിയ സെല്ലിന് വിവരം ലഭിച്ചു.

തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിക്കും ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സോഷ്യൽ മീഡിയ സെൽ വിവരം കൈമാറി. ഇതിന് പിന്നാലെ ആറ്റിങ്ങൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Story Highlights – Child attacked, Attingal, Arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top