മെഡിസെപ് പദ്ധതി വീണ്ടും റിലയന്‍സിനെ ഏല്‍പ്പിക്കാന്‍ നീക്കം; അന്തിമ ടെണ്ടറിലേക്ക് യോഗ്യത

medisep project

മെഡിസെപ് പദ്ധതിയുടെ കരാര്‍ ലംഘിച്ച റിലയന്‍സിനെ തന്നെ വീണ്ടും പദ്ധതി ഏല്‍പ്പിക്കാന്‍ നീക്കം. പദ്ധതിയില്‍ നിന്നും റിലയന്‍സിനെ ഒഴിവാക്കണമെന്ന നിയമോപദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഒരിക്കല്‍ പദ്ധതി മുടക്കിയ സ്ഥാപനം വീണ്ടും കരാറെടുത്താല്‍ പദ്ധതി നടത്തിപ്പിന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യപരിരക്ഷാ പദ്ധതിയായ മെഡിസെപ് രണ്ട് വര്‍ഷം മുന്‍പ് തുടങ്ങാനാണ് തീരുമാനിച്ചത്. ഇതിനായി ടെണ്ടര്‍ വിളിച്ചപ്പോള്‍ റിലയന്‍സ് ഇന്‍ഷുറന്‍സാണ് കരാര്‍ നേടിയത്. എന്നാല്‍ പദ്ധതിയിലേക്ക് കൂടുതല്‍ സ്വകാര്യ ആശുപത്രികളെ കൊണ്ടുവരാനോ വ്യവസ്ഥകള്‍ പാലിക്കാനോ റിലയന്‍സിന് കഴിഞ്ഞില്ല.

Read Also : ‘റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയത് മോദി സര്‍ക്കാര്‍’; മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധം

തുടര്‍ന്ന് റിലയന്‍സിനെ പദ്ധതിയില്‍ നിന്നും ഒഴിവാക്കി. പദ്ധതി പ്രതിസന്ധിയിലായതോടെ റിലയന്‍സിനെ ഇനി ടെണ്ടറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കണമെന്ന് നിയമവകുപ്പ് ശുപാര്‍ശ നല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

വീണ്ടും പദ്ധതി നടത്തിപ്പിനായി ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ റിലയന്‍സിനും പങ്കെടുക്കാന്‍ അവസരം നല്‍കി. കഴിഞ്ഞ മാസം സാങ്കേതിക ടെണ്ടര്‍ തുറന്നപ്പോള്‍ അന്തിമ ടെണ്ടറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ കമ്പനികളുടെ പട്ടികയില്‍ റിലയന്‍സും ഇടം പിടിച്ചു. സാമ്പത്തിക ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തുന്നത് റിലയന്‍സ് ആണെങ്കില്‍ കരാര്‍ വീണ്ടും റിലയന്‍സിനു തന്നെ ലഭിക്കും.

വിവാദമായതോടെ ഇനി എങ്ങനെ പദ്ധതി നടത്തുമെന്ന് നിയമവകുപ്പിനോട് ഉപദേശം തേടിയിരിക്കുകയാണ് ധന വകുപ്പ്. ഇതോടെ പദ്ധതി വീണ്ടും നീളുമെന്ന് ഉറപ്പായി. മറ്റെല്ലാ ടെണ്ടറുകളിലും കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തുമ്പോഴാണ് റിലയന്‍സിനെ സഹായിക്കാന്‍ നീക്കം നടന്നത്.

Story Highlights – medisep project, state government, reliance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top