ശബരിമല ദർശനത്തിന് സൗകര്യം ഒരുക്കാമെന്നുറപ്പ് നൽകി അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം സജീവം

ശബരിമല ദർശനത്തിന് സൗകര്യം ഒരുക്കാം എന്ന് ഉറപ്പ് നൽകി അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം സജീവം. പോണ്ടിച്ചേരി സ്വദേശികളായ അഞ്ചംഗ സംഘത്തെ പറ്റിച്ച് 5000 രൂപ ഇവർ കൈക്കലാക്കി. കേസിലെ നൂലാമാലകൾ ഭയന്ന് അയ്യപ്പഭക്തർ പൊലീസിൽ പരാതി പെടാത്തത് സംഘത്തിന് രക്ഷയാണ്.

പോണ്ടിച്ചേരിയിൽ നിന്നുള്ള അയ്യപ്പ ഭക്തനും 4 സുഹൃത്തുക്കൾക്കുമാണ് കഴിഞ്ഞ ദിവസം പണം നഷ്ടമായത്. ശബരിമല ദർശനത്തിന് മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ഇവർക്ക് പോണ്ടിച്ചേരി ട്രാവൽ ഏജൻസി നടത്തുന്നയാളാണ് നിലയ്ക്കലിൽ ഒരാളെ പരിചയപ്പെടുത്തിയത്. ഒരാൾക്ക് 9000 രൂപ വീതം നൽകിയാൽ യാതൊരു തടസവും ഇല്ലാതെ അയ്യപ്പ ദർശനമൊരുക്കാമെന്നുപറഞ്ഞു ഉറപ്പും നൽകി. തുക നൽകാമെന്ന് സമ്മതിച്ച ഭക്തർ ഇടനിലക്കാരന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 5000 രൂപ ട്രാൻസ്ഫർ ചെയ്തു. പോണ്ടിച്ചേരിയിൽ നിന്ന് കുമളിയിൽ എത്തിയാൽ പാസ് നൽകാം എന്നും ഇടനിലക്കാരൻ പറഞ്ഞു. കുമളിയിൽ എത്തിയപ്പോൾ ഭക്തരോട് നിലയ്ക്കൽ എത്താൻ നിർദേശിച്ചു. 20 വർഷമായി ശബരിമല ദർശനം നടത്തുന്ന ഇവർ നിലയ്ക്കലെത്തി ഇടനിലക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ ഓഫായിരുന്നു. ഒരു രാത്രി അവിടെ താമസിച്ച് അന്വേഷിച്ചിട്ടും പ്രയോജനമില്ലാതെ വന്നതോടെ തട്ടിപ്പ് മനസിലായി. തുടർന്ന് തീർത്ഥാടക സംഘം ദർശനം നടത്താതെ നിരാശരായി മടങ്ങി. ശബരിമലയിൽ എത്തുന്ന ഭക്തരെ ദർശനത്തിന്റെ പേര് പറഞ്ഞു പണം തട്ടുന്ന സംഘം വ്യാപകമാണ്.

Story Highlights – Ayyappa devotees swindled out of money by promising to facilitate Sabarimala darshan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top