തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു

തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. കൊവിഡ് സാഹചര്യം നിലനിൽക്കെ വീടുകളിൽ തന്നെയാണ് ഇക്കുറി ക്രിസ്തുമസ് ആഘോഷിക്കുന്നത്.

ക്രൈസ്തവ ദേവാലയങ്ങളിൽ പുരോഹിതന്മാരുടെ നേതൃത്വത്തിൽ പാതിരാ കുർബാന അടക്കമുള്ള പ്രത്ഥനാ ശുശ്രൂക്ഷകൾ നടന്നു. ക്രിസ്തുമസ് ആഘോഷങ്ങളും പ്രാർത്ഥനയും ഇക്കുറി വെർച്വുലായാണ് വിശ്വാസികൾ കൊണ്ടാടുന്നത്.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. ക്രിസ്തുമസ് ദിന സന്ദേശത്തിൽ മഹാമാരിക്ക് എതിരെ പോരാടിയവരെയും സമരം ചെയ്യുന്ന കർഷകരേയും കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്മരിച്ചു.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊച്ചി സെന്റ് ഫ്രാൻസിസ് അസീസി കത്തിഡ്രലിൽ നടന്ന പ്രാർഥനകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ കാർമികത്വം വഹിച്ചു.

പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന തിരുപ്പിറവി ശുശ്രുഷകൾക്കു കർദ്ദിനാൾ മാർ ബസേലിയസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ നേതൃത്വം നൽകി. ഓർത്തഡോക്‌സ് സഭയുടെ തിരുപ്പിറവി ആഘോഷങ്ങൾക്ക് ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയും യാക്കോബായ സഭയുടെ ശുശ്രൂഷകൾക്ക് മെത്രാപൊലിത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസും മുഖ്യകാർമികത്വം വഹിച്ചു.

മാർത്തോമ്മ സഭയുടെ ആഘോഷ ചടങ്ങുകൾക്ക് സഭാ അധ്യക്ഷൻ
തെയോഡോഷ്യസ് മാർത്തോമ്മൻ മെത്രാപ്പോലീത്തയും സിഎസ്‌ഐ സഭയുടെ തിരുക്കർമ്മങ്ങൾക്ക് സഭാ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് റസാലവും നേതൃത്വം നൽകി.

കോഴിക്കോട് ദേവമാത കത്തീഡ്രലിൽ നടന്ന പിറവി തിരുന്നാൾ ശുശ്രൂഷകൾക്ക് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് ദേവാലയത്തിൽ നിന്നും പുൽകൂട്ടിലേക്കുള്ള പ്രദക്ഷിണവും നടന്നു.

Story Highlights – Christians around the world are celebrating Christmas today to renew the memory of the Nativity

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top