ലക്ഷ്മിയമ്മയ്ക്ക് വീടൊരുങ്ങി; താക്കോൽ കൈമാറ്റം നാളെ എസ്കെഎൻ ഷോയിലൂടെ; 24 ഡിജിറ്റൽ ഇംപാക്ട്

കായംകുളം സ്വദേശിനി കൊച്ചുകള്ളേൽ ലക്ഷ്മിയമ്മയ്ക്ക് കയറിക്കിടക്കാൻ വീടൊരുങ്ങി. ലക്ഷ്മിയമ്മയുടെ ദുരിതാവസ്ഥ 24 ഡിജിറ്റൽ twentyfournews.comലൂടെ അറിഞ്ഞ ഒരു പ്രവാസി സംഘടനയാണ് വീടൊരുക്കാൻ സഹായമെത്തിച്ചത്. നാളെ രാവിലെ 8.30 ന് ഗുഡ് മോർണിംഗ് വിത്ത് ശ്രീകണ്ഠൻ നായർ ഷോയിൽ താക്കോൽ കൈമാറ്റം വെർച്വൽ ആയി നടക്കും.
കയറിക്കിടക്കാൻ ഒരു വീടുപോലുമില്ലാത്ത 85കാരി ലക്ഷ്മിയമ്മയുടെ കഥ ലോകമറിഞ്ഞത് 24 ഡിജിറ്റലിലൂടെയായിരുന്നു. രണ്ടര സെന്റിൽ ഷീറ്റ് വലിച്ചു കെട്ടി മറച്ച കൂരയായിരുന്നു ലക്ഷ്മിയമ്മയുടേത്. മഴപെയ്താൽ പുറത്തും അകത്തും വെള്ളം നിറയും. അടച്ചുറപ്പുള്ള വാതിൽ ഇല്ലാത്തതിനാൽ ഇഴജന്തുക്കളേയും ഭയന്നായിരുന്നു ജീവിതം. കായംകുളം മാർക്കറ്റിൽ ചുമട്ടു തൊഴിലാളിയായിരുന്നു ലക്ഷ്മിയമ്മുടെ ഭർത്താവ് നാണു. 30 വർഷം മുൻപ് അദ്ദേഹം മരിച്ചു. കശുവണ്ടി ഫാക്ടറിയിൽ ജോലി നോക്കിയാണ് നാല് ആൺമക്കളേയും മകളേയും ലക്ഷ്മിയമ്മ വളർത്തിയത്. അഞ്ച് സെന്റ് സ്ഥലം ഉണ്ടായിരുന്നതിൽ രണ്ടര സെന്റ് സ്ഥലം മകളുടെ വിവാഹത്തിനായി വിറ്റു. ബാക്കിയുള്ള സ്ഥലത്ത് വീട് വയ്ക്കുന്നതിനായി 1995ൽ നഗരസഭയിൽ നിന്ന് 7500 രൂപ വായ്പയെടുത്തു. ഇഎംഎസ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വയ്ക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ കുടിശികയും പിഴ പലിശയുമടക്കം ഒരു ലക്ഷത്തോളം രൂപ കടമായി. പ്രമാണം നഗരസഭയിലായതിനാൽ പ്രധാനമന്ത്രിയുടെ ഭവനദാന പദ്ധതിയിലും ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.
ഇളയ മകൻ രോഗം ബാധിച്ച് മരിച്ചതോടെ ഒറ്റയ്ക്കായി ലക്ഷ്മിയമ്മ. ജീവിതത്തിന്റെ നല്ലൊരു ഭാഗവും മക്കൾക്ക് വേണ്ടി മാറ്റിവച്ച ലക്ഷ്മിയമ്മയെ, സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ മക്കൾ കൈയൊഴിഞ്ഞു. ഒടുവിൽ ലക്ഷ്മിയമ്മയുടെ ദുരവസ്ഥ ട്വന്റിഫോറിലൂടെ ലോകമറിഞ്ഞപ്പോൾ സഹായവുമായി യുകെയിലെ നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് എന്ന സംഘടന രംഗത്തെത്തി. അങ്ങനെ കയറിക്കിടക്കാൻ വീട് എന്ന ലക്ഷ്മിയമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ചു. നാളെ ഗുഡ് മോർണിംഗ് വിത്ത് ശ്രീകണ്ഠൻ നായർ ഷോയിൽ ശ്രീ. ആർ ശ്രീകണ്ഠൻ നായരുടെ സാന്നിധ്യത്തിൽ ലക്ഷ്മിയമ്മയ്ക്ക് താക്കോൽ കൈമാറും. കായംകുളം എസ്എച്ച്ഒ മുഹമ്മദ് ഷാഫി ചടങ്ങിൽ പങ്കെടുക്കും. പാലമുറ്റത്ത് വിയജകുമാർ അധ്യക്ഷത വഹിക്കും.
Story Highlights – Lakshmi Amma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here