‘മൂന്ന് മാസമേ കഴുത്തിൽ താലിയുണ്ടാകുള്ളു എന്ന് അച്ഛൻ പറഞ്ഞിരുന്നു’ : ഹരിത ട്വന്റിഫോറിനോട്

aneesh wife haritha statement against father

പാലക്കാട് പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി യുവാവിന്റെ ഭാര്യ ഹരിത. തന്റെ കഴുത്തിൽ മൂന്ന് മാസമേ താലിയുണ്ടാകൂ എന്ന് അച്ഛൻ ഭീഷണിപ്പെടുത്തിയതായി ഹരിത ട്വന്റിഫോറിനോട് പറഞ്ഞു.

ഹരിതയുടെ പ്രതികരണം ഇങ്ങനെ – ഞാനും അനീഷേട്ടനും, അനീഷേട്ടന്റെ അനിയത്തിലും ഒക്കെയുള്ള സമയത്ത് അമ്മാവൻ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഒരു ദിവസം വന്ന് ഫോൺ എടുത്തിട്ട് പോയി. ഇതിന് പിന്നാലെ അനീഷിനൊപ്പം പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സമയമായിരുന്നതിനാൽ സാറിനെ കാണാൻ സാധിച്ചില്ല.

പിന്നീട് പൊലീസുകാർ വന്ന് മാമന്റെ ഫോൺ നമ്പറൊക്കെ ചോദിച്ച് പോയിരുന്നു.

അനീഷേട്ടനെ വിട്ട് ഒറ്റയ്ക്ക് വീട്ടിൽ വരാനാണ് അമ്മ അടക്കമുള്ളവർ പറഞ്ഞിരുന്നത്. ഒറ്റയ്ക്ക് വന്നാൽ ഏപ്പോൾ വേണമെങ്കിലും മടങ്ങി വരാമെന്നും, അനീഷേട്ടന്റെ ഒപ്പം വന്നാൽ വീട്ടിൽ കയറ്റില്ലെന്നും വീട്ടുകാർ പറഞ്ഞിരുന്നു.

മൂന്ന് മാസമേ കഴുത്തിൽ താലിയുണ്ടാകുള്ളു എന്ന് അച്ഛൻ പറഞ്ഞിരുന്നു. അന്ന് അങ്ങനെ അച്ഛൻ പറഞ്ഞിരുന്നുവെങ്കിലും കൊല്ലുമെന്ന് വിചാരിച്ചിരുന്നില്ല.

അനീഷിനെ കൊലപ്പെടുത്തിയവർക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണമെന്നും ഹരിത ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്.

മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അനീഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് സഹോദരന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ് സഹോദരന്‍. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

കൊലപാതകവുമായി ബന്ധപ്പെട്ട് പൺകുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Story Highlights – aneesh wife haritha statement against father

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top