ശാരദ ചിട്ടി തട്ടിപ്പ് കേസ്; കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ സിബിഐ നീക്കം

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സുപ്രധാന നടപടിയുമായി സിബിഐ. ഇതിന്റെ ഭാഗമായി മുൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. രാജീവ് കുമാർ അന്വേഷണവുമായി സഹകരിയ്ക്കുന്നില്ലെന്നും ചോദ്യം ചെയ്യാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രിം കോടതിയെ സമീപിച്ചു.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ രാജീവ് കുമാർ അന്വേഷണത്തോട് പൂർണമായും സഹകരിയ്ക്കാൻ സുപ്രിംകോടതി മുൻപ് നിർദേശം നൽകിയിരുന്നു. മാസം ഇത്രയും കഴിഞ്ഞിട്ടും സുപ്രിംകോടതി നിർദേശം രാജീവ് കുമാർ പാലിച്ചിട്ടില്ലയെന്നതാണ് സിബിഐയുടെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. രാജീവ് കുമാറിന്റെ നിസഹകരണം കേസന്വേഷണം വൈകിക്കുകയാണ്. ഇത് കേസിലെ തെളിവുകൾ ഇല്ലാതാക്കാൻ കാരണമാകുമെന്നും ഈ സാഹചര്യത്തിൽ നിർബന്ധിതമായും വ്യവസ്ഥകൾ ഇല്ലാതെ ചോദ്യം ചെയ്യാൻ രാജീവ് കുമാറിനോട് ഹാജരാകാൻ നിർദേശിയ്ക്കണമെന്നുമാണ് സിബിഐ യുടെ ആവശ്യം. സിബിഐയുടെ ഹർജി അവധിയ്ക്ക് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ തന്നെ സുപ്രിംകോടതി പരിശോധിയ്ക്കും. സിബിഐ ആവശ്യം സുപ്രിംകോടതി അനുവദിച്ചാൽ രാജീവ് കുമറിനെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യത്തിനാകും അത് വഴി ഒരുക്കുക.
അതേസമയം, കേസിൽ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം മമതയെ ലക്ഷ്യമിട്ടുള്ളതാണെന്ന വിമർശനം നേരത്തെ തൃണമുൽ കോൺഗ്രസ് ഉയർത്തിയിരുന്നു. ഇപ്പോഴത്തെ സിബിഐ നീക്കത്തെയും രാഷ്ട്രീയമായാണ് തൃണമുൽ കോൺഗ്രസ് വിലയിരുത്തുന്നത്.
Story Highlights – Sharda Chitty fraud case; CBI moves to arrest Kolkata Police Commissioner Rajiv Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here