കണ്ണൂര്‍ കോര്‍പറേഷനില്‍ മേയറെ കണ്ടെത്താനാവാതെ യുഡിഎഫ്

കണ്ണൂര്‍ കോര്‍പറേഷനില്‍ മേയറെ കണ്ടെത്താനാവാതെ യുഡിഎഫ്. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, ഡിസിസി സെക്രട്ടറി ടി.ഒ. മോഹനന്‍ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷിന് വേണ്ടിയും ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് തീരുമാനം നീളുന്നത്. മേയറെ കണ്ടെത്താനായി ഇന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തും.
കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജിന്റെ പേരായിരുന്നു ആദ്യം മുതല്‍ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടത്. എന്നാല്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനവും മേയര്‍ സ്ഥാനവും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാകുന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍ത്തു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ മുന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ഒ. മോഹനന്റെ പേരും പരിഗണിച്ചത്. ഇതിനിടെ മുന്‍ ഡെപ്യൂട്ടി മേയറായ പി. കെ. രാഗേഷിന് വേണ്ടി എസ്എന്‍ഡിപിയിലെ ഒരു വിഭാഗമടക്കം രംഗത്തെത്തി. എന്നാല്‍ നാല് വര്‍ഷം എല്‍ഡിഎഫിനൊപ്പം ഭരണം പങ്കിട്ട പി.കെ. രാഗേഷിനെ മേയറാക്കുന്നതിനോട് കോണ്‍ഗ്രസിലെ വലിയ വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇക്കാര്യം ജില്ലാ നേതൃത്വത്തെ ഇവര്‍ രേഖാമൂലം അറിയിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ ടി.ഒ. മോഹനനാണ് കൂടുതല്‍ സാധ്യത.
അന്തിമ തീരുമാനമെടുക്കാന്‍ വേണ്ടി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ മനസറിയാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. 20 കോണ്‍ഗ്രസ് അംഗങ്ങളുടെയും യോഗം വിളിച്ചു ചേര്‍ത്ത് ഇന്ന് അഭിപ്രായം ആരായും. കെപിസിസി നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും അന്തിമ പ്രഖ്യാപനം. സംസ്ഥാനത്ത് യുഡിഎഫിന് ഭരണം ലഭിച്ച ഏക കോര്‍പറേഷനില്‍ വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ മേയറെ കണ്ടെത്തണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
Story Highlights – UDF fails to find mayor in Kannur corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here