ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം: ജില്ലാ കളക്ടര്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജന്റെയും അമ്പിളിയുടെയും മരണത്തിന് കാരണം പൊലീസും അയല്‍വാസിയുമെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും പരാതി. സംഭവത്തില്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചു.

വീടൊഴിപ്പിക്കല്‍ ശ്രമത്തിനിടെയാണ് മക്കളുടെ കണ്‍മുന്നില്‍ നെയ്യാറ്റികര സ്വദേശികളായ രാജനും അമ്പിളിയും കത്തിയമര്‍ന്നത്. കോടതി നടപടിക്കെത്തിയ പൊലീസുകാരാണ് അപകടം ഉണ്ടാക്കിയതെന്നാണ് മക്കളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും മൊഴി. അയല്‍വാസിയായ വസന്തയാണ് ഇതിന് പിന്നിലെന്നും ആരോപണം ഉണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ മുഖ്യമന്ത്രിക്ക് ഇന്ന് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് നല്‍കും.

അമ്പിളിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച മക്കള്‍ക്കും നാട്ടുകാര്‍ക്കും കളക്ടര്‍ പ്രശ്‌നപരിഹാരം ഉറപ്പ് നല്‍കിയിരുന്നു. കുട്ടികളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, സ്വന്തമായി ഭൂമിയും വീടും നല്‍കുക, തുടങ്ങിയ ആവശ്യങ്ങള്‍ നാട്ടുകാരും ഉന്നയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവും
പുരോഗമിക്കുകയാണ്. റൂറല്‍ എസ്പി ബി.അശോക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതിനിടെ അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട രഞ്ജിത്തിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story Highlights – District Collector submit report to CM today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top