Advertisement

മഹാമാരിക്കാലത്ത് ആശ്വാസം പകർന്ന 2020 ന്റെ ഉണർത്തുപാട്ടുകൾ

December 31, 2020
Google News 1 minute Read

ഒരിക്കലും അവസാനിക്കാത്ത പ്രണയമാണ് മലയാളികൾക്ക് സംഗീതത്തോട്. സംഗീത പ്രേമികളുടെ ഹൃദയത്തിൽ പ്രണയസുരഭിലമായി പൂത്തുലഞ്ഞ് നില്‍ക്കുന്ന ഗാനങ്ങൾ ഒരുപാടുണ്ട്…എത്ര കേട്ടാലും മതിവരാത്ത, എത്ര പാടിയാലും കൊതിതീരാത്ത ചില പാട്ടുകൾ… ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനങ്ങൾ.. പതിറ്റാണ്ടുകളോളം ശോഭ ചോരാതെ, എണ്ണിയാല്‍ തീരാത്ത കടലലകള്‍ പോലെ, അവയങ്ങനെ ആസ്വാദക മനസ്സുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കും.

2020-ലെ മഹാമാരിയുടെ കാലത്തും ചില പാട്ടുകൾ ആസ്വാദക ഹൃദയങ്ങളിൽ ആശ്വാസം പകർന്നു…

2020 ലെ തീരാനഷ്ടങ്ങളുടെ കണക്കുപുസ്തകത്തിലേക്ക് സംവിധായകൻ നരണിപ്പുഴ ഷാനവാസിന്റെ പേരുകൂടി ചേർക്കപ്പെട്ടപ്പോൾ മലയാളി പ്രേക്ഷകർക്ക് നഷ്ടമായത് മനോഹരമായ സൂഫിക്കഥകൾ സമ്മാനിച്ച, ഇനിയും പറയാൻ ഒരുപാട് കഥകൾ ബാക്കിവെച്ച ഒരു പ്രതിഭാശാലിയായ കലാകാരനെയാണ്. മരണം കവർന്നിട്ടും സംഗീതത്തിന്റെ മരിക്കാത്ത ഓർമ്മകൾ ബാക്കിവെച്ചുകൊണ്ട് യാത്രയായ സൂഫിയെപ്പോലെ ഷാനവാസും യാത്രയായപ്പോൾ, അദ്ദേഹത്തിന്റെ അവസാന ചിത്രവും അതിലെ ഗാനങ്ങളും പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞുകഴിഞ്ഞിരുന്നു…

വാതിക്കല് വെള്ളരിപ്രാവ്…

പ്രണയത്തിന്റെ ആഴവും പരപ്പുമെല്ലാം ഇഴചേര്‍ത്തൊരുക്കിയ പാട്ടാണ് സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ്. വരികൾക്കും താളത്തിനുമൊപ്പം ദൃശ്യംഭംഗിയിലും മികച്ചുനിൽക്കുന്നു ഈ ഗാനം. എം ജയചന്ദ്രനാണ് മനോഹരമായ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല്‍ ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ചിത്രത്തിലെ തന്നെ ‘അൽഹം ദുലില്ലാ’ എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായിരുന്നു.

ഒരു വാക്കുപോലും ഉച്ചരിക്കാഞ്ഞിട്ടും വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനത്തിലൂടെ പ്രേക്ഷക മനം കീഴടക്കി ചിത്രത്തിൽ സുജാതയായി വേഷമിട്ട അതിഥി റാവു. ജയസൂര്യ, അതിഥി റാവു ഹൈദരി, ദേവ് മോഹന്‍ തുടങ്ങിയവരാണ് സൂഫിയും സുജാതയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കലക്കാത്ത സന്ദനമേറി ….

സംഗീത പ്രേമികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾക്കൊപ്പം നഞ്ചമ്മ എന്ന പുതുഗായികയെ കൂടി സമ്മാനിച്ചുകൊണ്ടാണ് ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ടൈറ്റില്‍ ഗാഗം പുറത്തിറങ്ങിയത്. ആലാപനത്തിലെ നിഷ്കളങ്കതയും താളത്തിലെ വ്യത്യസ്തതയുമെല്ലാം നഞ്ചമ്മയുടെ ‘കലക്കാത്ത’ പാട്ടിനെ അത്രമേൽ പ്രിയമുള്ളതാക്കി. നഞ്ചമ്മയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ജെയ്ക്സ് ബിജോയ് ആണ്. വളരെ വേഗത്തിൽ പാട്ടു പ്രേമികളുടെ ഹൃദയത്തിൽ കയറിക്കൂടിയ ഗാനം 2020 ലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നാണെന്ന് തെറ്റാതെ പറയാം.

പൃഥ്വിരാജും ബിജു മോനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് സച്ചിയാണ്. ഹവില്‍ദാര്‍ കോശിയെന്ന പട്ടാളക്കാരന്റെയും മുണ്ടൂര്‍ മാടൻ എന്ന അയ്യപ്പന്‍ നായരുടെയും വീറും വാശിയും നിറഞ്ഞ ആരവത്തോടെ മലയാളി സിനിമ പ്രേക്ഷകർ നെഞ്ചിലേറ്റി. എന്നാൽ സിനിമ ആരവങ്ങൾ അവസാനിക്കും മുൻപേ സിനിമ ലോകത്തെ തീരാദുഃഖമായി സംവിധായകൻ സച്ചിയും കലാലോകത്തോട് വിടപറഞ്ഞു.

കണ്ണേ കണ്ണേ വീസാതേ…

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ‘ഷൈലോക്ക്’ എന്ന ചിത്രത്തിലെ ‘കണ്ണേ കണ്ണേ വീസാതേ’ എന്ന ഗാനം പ്രേക്ഷക പ്രീതി നേടിയ 2020 ലെ ഗാനങ്ങളിൽ ഒന്നാണ്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവർ ചേർന്നാണ്.

ഉയിരേ കവരും ഉയിരേ പോലേ…

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് സംഗീതം. ഭാഷയോ ദേശമോ അതിർവരമ്പുകൾ സൃഷ്ടിക്കാത്ത സംഗീതം ആസ്വാദക ഹൃദയങ്ങളിൽ അങ്ങനെ അലയടിച്ചുകൊണ്ടേയിരിക്കും…ദക്ഷിണേന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടഗായകൻ സിദ് ശ്രീറാമിന്റെ ശബ്ദത്തിലൂടെ മലയാളികൾ ഏറെ ആസ്വദിച്ച ഗാനമാണ് ഗൗതമന്റെ രഥം എന്ന ചിത്രത്തിലെ ‘ഉയിരേ കവരും ഉയിരേ പോലേ’ എന്ന റൊമാന്റിക് ഗാനം. വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്.

കടുകുമണിക്കൊരു കണ്ണുണ്ട്…

സുന്ദരമായ പ്രണയത്തിൽ തുടങ്ങി അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ നവാഗത സംവിധായകൻ മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’ എന്ന ചിത്രം ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷക പ്രീതിനേടിയിരുന്നു. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിച്ച ‘കടുകുമണിക്കൊരു കണ്ണുണ്ട്’ എന്ന ഗാനം അക്കൂട്ടത്തിൽ ഒന്നാണ്. സിത്താര കൃഷ്ണകുമാർ ആലപിച്ച ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് വിഷ്ണു ശോഭനയാണ്.

മതി കണ്ണാ ഉള്ളത് ചൊല്ലാന്‍…

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രം പോലെ ചിത്രത്തിലെ ഗാനങ്ങളും ആസ്വാദകരെ നേടിയെടുത്തു. ‘മതി കണ്ണാ ഉള്ളത് ചൊല്ലാന്‍’ എന്ന ഗാനവും മികച്ച സ്വീകാര്യത നേടി. അല്‍ഫോന്‍സ് ജോസഫാണ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. അല്‍ഫോന്‍സ് ജോസഫും ഷെര്‍ധിനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപിയും ശോഭനയുമായിരുന്നു ഈ ചിത്രത്തിലെ പ്രധാന ആകര്‍ഷണം.

മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ…

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’ എന്ന ഗാനവും 2020-ല്‍ പ്രേക്ഷകര്‍ ഏറ്റുപാടി. താളഭംഗി തന്നെയാണ് ഈ ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കിയത്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം ജേക്കബ്ബ് ഗ്രിഗറിയും പാട്ടില്‍ ചേര്‍ന്നു. ഷിഹാസ് അഹമ്മദ്‌കോയയുടേതാണ് ഗാനത്തിലെ വരികള്‍. ശ്രീഹരി കെ നായര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

കിം കിം കിം…

സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഇടംനേടിയ ഗാനമാണ് ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിലെ കിം കിം കിം പാട്ട്. കേൾവിക്കാർക്ക് ആസ്വാദനത്തിന്റ വേറിട്ട ഭാവങ്ങൾ സമ്മാനിച്ചുകൊണ്ടാണ് കിം കിം കിം പാട്ട് എത്തിയത്. പ്രേക്ഷക പ്രിയങ്കരിയായ മഞ്ജു വാര്യരുടെ ശബ്ദത്തിലാണ് മലയാളികൾ ഈ പാട്ട് ആസ്വദിച്ചത്. പാട്ടിന് പിന്നാലെ ഈ പാട്ടിനുള്ള നൃത്തവും, കിം കിം ഡാൻസ് ചലഞ്ചും സോഷ്യൽ മീഡിയയിൽ ഹിറ്റായി. ബി കെ ഹരിനാരയണന്റേതാണ് കിം കിം ഗാനത്തിലെ വരികള്‍. റാം സുരേന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

സോഷ്യൽ ഇടങ്ങളിൽ ഹിറ്റായി മാറിയ ഈ ഗാനത്തിന് പ്രചോദനമായ മറ്റൊരു പാട്ടുണ്ട് മലയാള സിനിമാലോകത്ത്. നാടകവേദികളിൽ നിന്നും സിനിമ ലോകത്തേക്ക് ഒഴുകിയെത്തിയ ഗാനം. പിന്നണി ഗായകനായ വൈക്കം എം പി. മണിയുടെ ശബ്ദത്തിലാണ് ‘കാന്താ തൂകുന്നു തൂമണം’ എന്ന ഗാനം ആദ്യമായി പാട്ട് പ്രേമികൾ കേട്ടത്. അരവിന്ദൻ സംവിധാനം ചെയ്ത ‘ഒരിടത്ത്’ എന്ന സിനിമയിലേതായിരുന്നു ‘കാന്താ തൂകുന്നു തൂമണം…’എന്ന ഗാനം.

ഓരോ പാട്ടുകളും മികച്ചതാകുന്നത് കൃത്യമായ വരികളും സുന്ദരമായ സംഗീതവും ശുദ്ധമായ ആലാപനവും ഒരുപോലെ ചേരുമ്പോഴാണ്. അതുകൊണ്ടുതന്നെ മലയാള സിനിമയ്ക്ക് ഇതുവരെ സുന്ദരമായ പാട്ടുകൾ സമ്മാനിച്ചവരെയും ഇനിയും നമുക്കായ് പാട്ടുകൾ ഒരുക്കുന്നവരേയും ഓർക്കാതിരിക്കാനാവില്ല ഈ നിമിഷം…കാരണം പാടാൻ ബാക്കിവെച്ച ഒരുപാട് ഗാനങ്ങൾ ഇനിയുയുണ്ട്.

Story Highlights – round up 2020, songs, malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here