‘മുത്തലാഖ് കേസുകളിൽ ഭർത്താവിന്റെ ബന്ധുക്കൾക്ക് എതിരെയുള്ള കേസുകൾ സാധുവല്ല’;സുപ്രിംകോടതി

മുത്തലാഖ് കേസുകളിൽ ഭർത്താവിന്റെ ബന്ധുക്കൾക്ക് എതിരെയുള്ള കേസുകൾ സാധുവല്ലെന്ന് സുപ്രിംകോടതി. ഈ കേസുകളിൽ പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം കുറ്റാരോപിതന് മുൻകൂർ ജാമ്യമനുവദിക്കുന്നതിന് നിയമപ്രകാരം തടസമില്ലെന്നും കോടതി വ്യക്തമാക്കി. കേരള സർക്കാരിന്റെ എതിർപ്പിനെ തള്ളിയാണ് കൊച്ചിയിൽ നിന്നുള്ള രഹ്ന ജലാലും ബന്ധുക്കളും നൽകിയ ഹർജിയിലെ സുപ്രധാനവിധി.

മുത്തലാഖ് നിയമത്തിന്റെ നടപടി വശങ്ങളിൽ വ്യക്തത വരുത്തുന്നതാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ വിധി. മുത്തലാഖ് ചൊല്ലിയെന്ന ആരോപിക്കപ്പെട്ട ഡോ.ഗസൽ ജലാലിന്റെ മാതാവ് രഹ്ന ജലാലിന്റെ ഹർജിയിലാണ് സുപ്രിംകോടതി ഇക്കാര്യം വിശദീകരിച്ചത്. കേരള ഹൈക്കോടതി മുൻ കൂർ ജാമ്യാപേക്ഷ തള്ളിയ നടപടി ഇതോടെ അസാധുവായി. മുത്തലാഖ് നിയമം അനുസരിച്ച് ഭർത്താവിനെ മാത്രമേ കുറ്റാരോപിതനാക്കാൻ സാധിക്കുകയുള്ളൂവെന്ന് സുപ്രിംകോടതി പറഞ്ഞു. നിയമത്തിന്റെ പ്രാഥമിക വിശകലനത്തിൽതന്നെ മുത്തലാഖ് നിയമലംഘനത്തിന്റെ ശിക്ഷ സംബന്ധിച്ച് വിവരിച്ചിട്ടുണ്ട്. നിയമം അനുസരിച്ച് കുറ്റം തെളിയിക്കപ്പെട്ട ഭർത്താവിന് മാത്രമാണ് ശിക്ഷ ലഭിക്കുക. അതുകൊണ്ട് തന്നെ ബന്ധുക്കൾ ഇത്തരം പരാതികളുടെ ഭാഗമാകേണ്ടതില്ല. മജസ്‌ട്രേട്ട് കോടതിക്ക് പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം, ന്യായമായ കാരണങ്ങളുണ്ടെങ്കിൽ കുറ്റാരോപിതന് ജാമ്യമനുവദിക്കാം എന്നും സുപ്രിംകോടതി പറഞ്ഞു.

ജാമ്യം നൽകുന്നതിനെ സംസ്ഥാന സർക്കാർ കോടതിയിൽ ശക്തമായി എതിർത്തു. കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതികൾ ജാമ്യാപേക്ഷ തീർപ്പാക്കുക. ഇക്കാര്യത്തിൽ കോടതിക്കുള്ള അധികാരം നിയമത്തിലൂടെ ഒഴിവാക്കിയിട്ടില്ല. നിയമപ്രകാരം നിരോധനമുള്ളപ്പോഴും മുൻകൂർ ജാമ്യം നൽകാൻ ബന്ധപ്പെട്ട കോടതികൾക്ക് അധികാരമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.

Story Highlights – ‘Cases against husband’s relatives invalid in Muthalaq cases’: Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top