പത്തനംതിട്ട ഇടമുറി റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് നാട്ടുകാരുടെ പ്രതിഷേധം

പത്തനംതിട്ട ഇടമുറി റബര്‍ ബോര്‍ഡ് ഓഫീസിലേക്ക് നാട്ടുകാരുടെ പ്രതിഷേധം. നാട്ടുകാര്‍ പൊലീസ് വലയം ഭേദിച്ച് ഗേറ്റിനുള്ളിലേക്ക് തള്ളിക്കയറി. റബര്‍ ബോര്‍ഡ് ഭൂമിയില്‍ കയറിയ ഗര്‍ഭിണിയായ പശുവിനെ റബര്‍ ബോര്‍ഡ് ജീവനക്കാരന്‍ മരത്തില്‍ കയര്‍മുറുക്കി കൊന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് പ്രതിഷേധം.

വളര്‍ത്തു പശുവുമായാണ് പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ള നാട്ടുകാരും പഞ്ചായത്തംഗങ്ങളും ഇടമുറി റബര്‍ ബോര്‍ഡ് ഓഫീസിന് മുന്നിലേക്ക് പ്രകടനമായെത്തിയത്. റബര്‍ ബോര്‍ഡ് ഓഫീസിന് മുന്നില്‍ പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഗേറ്റിനുള്ളിലേക്ക് തള്ളിക്കയറി. പ്രദേശത്തെ വളര്‍ത്തു മൃഗങ്ങളെ റബര്‍ബോര്‍ഡ് ജീവനക്കാര്‍ ഉപദ്രവിക്കുന്നത് പതിവാണെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പത്തനംതിട്ട റാന്നി പൊന്നമ്പാറ കിഴക്കേചരുവില്‍ സുന്ദരേശന്റെ എട്ട് മാസം ഗര്‍ഭിണിയായ പശുവിനെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരണപ്പെട്ട നിലയില്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നീളുകയാണെന്ന ആരോപണവും ഇവര്‍ക്കുണ്ട്. മണിക്കൂറുകളോളം ഗേറ്റിനു മുന്നില്‍ പ്രതിഷേധിച്ച ശേഷമാണ് ഇവര്‍ പിരിഞ്ഞു പോയത്.

Story Highlights – Pathanamthitta Rubber Board office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top