കർഷക പ്രക്ഷോഭകേന്ദ്രങ്ങളിൽ മരണങ്ങൾ തുടരുന്നു; സിംഗുവിലും തിക്രിയിലും ഹൃദയാഘാതത്തെ തുടർന്ന് രണ്ട് കർഷകർ മരിച്ചു

കർഷക പ്രക്ഷോഭകേന്ദ്രങ്ങളിൽ മരണങ്ങൾ തുടരുന്നു. സിംഗുവിലും തിക്രിയിലും ഹൃദയാഘാതത്തെ തുടർന്ന് രണ്ട് കർഷകർ മരിച്ചു. ഇതുവരെ അൻപത് പ്രക്ഷോഭകർ മരിച്ചെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. സമരത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനും ബിജെപി നേതാക്കൾക്കും അടക്കം പഞ്ചാബിലെ കർഷകർ വക്കീൽ നോട്ടീസ് അയച്ചു. അതേസമയം, പ്രക്ഷോഭമേഖലകളിൽ കൊടും ശൈത്യത്തിന് പുറമെ മഴയും പെയ്യുന്നത് വെല്ലുവിളിയായി തുടരുന്നു.

പതിനഞ്ച് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യത്തിലൂടെയാണ് ഡൽഹിയും പ്രക്ഷോഭം നടക്കുന്ന അതിർത്തി മേഖലകളും കടന്നുപോകുന്നത്. ശൈത്യം, ഹൃദയാഘാതം, വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങൾ, വാഹനാപകടങ്ങൾ എന്നിവ കാരണം ഇതുവരെ അൻപത് കർഷകർ മരിച്ചെന്ന് കർഷക സംഘടനകൾ അറിയിച്ചു. ഏറ്റവുമൊടുവിലായി സിംഗുവിൽ ഹരിയാന സോനിപത്ത് സ്വദേശി കുൽബീറും, തിക്രിയിൽ പഞ്ചാബ് ബട്ടിൻഡ സ്വദേശി ജഷൻപ്രീത് സിംഗും മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണങ്ങൾ. കൊടുംശൈത്യത്തിന് പുറമെ ഇടയ്ക്കിടെ പെയ്യുന്ന മഴയും പ്രക്ഷോഭകർക്ക് വെല്ലുവിളിയായി തുടരുന്നു. എന്നാൽ, പിന്നോട്ടില്ലെന്ന നയത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ.

സമരത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ, ബിജെപി നേതാവ് റാം മാധവ് എന്നിവർക്ക് പഞ്ചാബിലെ കർഷകർ വക്കീൽ നോട്ടീസ് അയച്ചു. അതേസമയം, നാളത്തെ ചർച്ച പരാജയപ്പെട്ടാൽ റിപ്പബ്ലിക് ദിനത്തിൽ കൂറ്റൻ ട്രാക്ടർ റാലി സംഘടിപ്പിക്കാൻ കർഷകസംഘടനകൾ ഒരുക്കം തുടങ്ങി.

Story Highlights – Deaths continue in peasant agitations; Two farmers died of heart attacks in Singh and Tikri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top