നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യ; തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിലെ തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് പരാതിക്കാരി വസന്തയുടെ അഭിഭാഷകൻ. 1989 ൽ സുകുമാരൻ നായർ എന്ന വ്യക്തിയുടെ പേരിലാണ് ഭൂമിക്ക് പട്ടയം ലഭിച്ചത്. ലക്ഷം വീട് പദ്ധതിയുടെ നിയമങ്ങൾ ബാധകമല്ലാത്തതിനാൽ കൈമാറ്റം ചെയ്ത വന്ന ഭൂമിയാണ് വസന്ത വാങ്ങിയതെന്നും രേഖകൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്നും വസന്തയുടെ അഭിഭാഷകർ ശിവപ്രസാദ് പറഞ്ഞു. വ്യാജ പട്ടയമാണ് വസന്തയുടേതെന്ന് കോടതിയിൽ, രാജൻ ഉന്നയിച്ചിട്ടില്ലെന്നും ഭൂമിയിൽ അതിക്രമിച്ച് കയറിയെന്നതാണ് കോടതിയിൽ നിലവുള്ള കേസെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also : ബോബി ചെമ്മണ്ണൂർ നൽകുന്ന സ്ഥലം വാങ്ങില്ല; സർക്കാർ പട്ടയം നൽകണമെന്ന് നെയ്യാറ്റിൻകരയിലെ കുട്ടികൾ
വസന്തയിൽ നിന്ന് വ്യവസായിയായ ബോബി ചെമ്മണ്ണൂർ സ്ഥലം വാങ്ങി കുട്ടികൾക്ക് നൽകാൻ ശ്രമിച്ചിരുന്നെങ്കിലും അവർ അത് സ്വീകരിച്ചിരുന്നില്ല. നിയമപരമായി വാങ്ങാനോ വിൽക്കാനോ കഴിയാത്ത ഭൂമിയാണ് ഇതെന്നും സർക്കാർ പട്ടയം നൽകാമെന്ന് പറഞ്ഞതിനാൽ അങ്ങനെയേ ഭൂമി സ്വീകരിക്കൂ എന്നും കുട്ടികൾ അറിയിച്ചിരുന്നു. വസന്തയുടെ പക്കൽ ഭൂമിയുടെ പട്ടയമില്ലെന്നും അത് തെളിയിക്കുക്ക വിവരാവകാശ രേഖ തങ്ങളോട് ഉണ്ടെന്നും കുട്ടികൾ പറഞ്ഞിരുന്നു.
ഈ മാസം 22നാണ് നെയ്യാറ്റിൻകരയിൽ രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടർന്നുപിടിച്ച് ഇരുവരും മരണപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here