Advertisement

അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും: യൂത്ത് കോണ്‍ഗ്രസ്

January 4, 2021
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെങ്കില്‍ സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്. നാല് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ജനവിരുദ്ധരെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് കഴിഞ്ഞദിവസമാണ് നടന്നത്. ഇതിന് പിന്നാലെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. കെപിസിസിക്ക് 20 നിര്‍ദേശങ്ങളുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരിക്കുന്നത്. പ്രമേയം എഐസിസി നേതൃത്വത്തിനും അയച്ചുനല്‍കും.

കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന ആവശ്യമാണ് യൂത്ത് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ക്യാമ്പ് മുന്നോട്ട് വയ്ക്കുന്നത്. സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ ഇരിക്കെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. മലമ്പുഴയില്‍ നടന്ന സംസ്ഥാന ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനങ്ങളാണ്. പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണം എന്ന് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു പറയുകയും ചെയ്തു നേതാക്കള്‍.

വിജയ സാധ്യതയുള്ളവര്‍ക്കു മുന്നില്‍ ഗ്രൂപ്പ് ഒരു തടസമായി വരാന്‍ പാടില്ല. യുവാക്കള്‍ക്ക് അവസരം നല്‍കിയ ഇടങ്ങളിലേയും മറ്റിടങ്ങളിലേയും വോട്ട് വ്യത്യാസം താരതമ്യം ചെയ്ത് റിപ്പോര്‍ട്ടാക്കി എഐസിസി നേതൃത്വത്തെ അറിയിക്കും. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് ഏജ് ഓഡിറ്റിംഗ് നടത്തും. ഏജ് ഓഡിറ്റിംഗും ഗ്രൂപ്പുകള്‍ക്ക് അതീതമായി ഉള്ള തിരുത്തല്‍ ശക്തിയായി യൂത്ത് ടീം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചചെയ്യാന്‍ യുവജന പ്രതിനിധികളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ജനുവരി 11 ന് തിരുവനന്തപുരത്ത് ചേരും.

Story Highlights – Youth Congress Resolution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here