കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി

കതിരൂർ മനോജ് വധക്കേസിൽ പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. സിബിഐ കേസെടുത്തത് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ആണെന്നായിരുന്നു വാദം. യുഎപിഎ അടക്കം ചോദ്യം ചെയ്ത് പി.ജയരാജൻ ഉൾപ്പെടെയുള്ളവരാണ് അപ്പീൽ നൽകിയത്.
പി. ജയരാജൻ അടക്കം പ്രതിയായ കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാർ അനുമതിയില്ലാതെയാണ് അന്വേഷണ ഏജൻസിയായ സിബിഐ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം. സിബിഐ അന്വേഷിക്കുന്ന കേസിൽ യുഎപിഎ ചുമത്താൻ കേന്ദ്ര സർക്കാരിന്റെ അനുമതി മാത്രം മതിയെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. കേസിൽ യുഎപിഎ ഒഴിവാക്കണമെന്ന ആവശ്യവും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. യുഎപിഎ ചുമത്തിയതിനെതിരെ പ്രതികൾ സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
2014 സെപ്റ്റംബർ ഒന്നിനാണ് കതിരൂർ ആർഎസ്എസ് നേതാവായിരുന്ന മനോജിനെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയിൽ നിന്നു വലിച്ചിറക്കി വെട്ടി കൊന്നത്. 25 പ്രതികളാണ് കേസിലുള്ളത്. വിചാരണ നടപടികൾ തുടങ്ങിയിട്ടില്ലെങ്കിലും യുഎപിഎ അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൽ ഒന്നാം പ്രതി വിക്രമനടക്കമുള്ളവർ ഇപ്പോഴും ജയിലിലാണ്. യുഎപിഎ വകുപ്പുകൾക്ക് പുറമേ, കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചന, അന്യായമായി സംഘംചേരൽ, കലാപമുണ്ടാക്കാൻ ശ്രമം, മാരകായുധമുപയോഗിക്കൽ, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ചേർത്താണ് സിബിഐ കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ ഇരുപത്തിയഞ്ചാം പ്രതിയായ പി ജയരാജൻ കേസിലെ മുഖ്യസൂത്രധാരനാണെന്നാണ് സിബിഐ ആരോപിക്കുന്നത്.
Story Highlights – Kathirur Manoj murder case; The Division Bench of the High Court dismissed the appeal of the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here