Advertisement

സ്ഥാനാർത്ഥി നിർണയം പാളി; തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടുപലക: മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

January 6, 2021
1 minute Read
mullappally ramachandran fb post accepting flaw in candidates

തദ്ദേശ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചയുണ്ടായെന്നും അനവധാനതയോടുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് പലയിടത്തും ഉണ്ടായതെന്നും മുല്ലപ്പള്ളി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അനൈക്യം തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. യുവാക്കൾക്കും,വനിതകൾക്കും,ന്യൂനപക്ഷ-വിഭാഗങ്ങൾക്കും അർഹമായ പ്രധാന്യം കോൺഗ്രസ് ഉറപ്പാക്കുമെന്നും ഇതിന് ഹൈക്കാമാന്റിന്റെ അംഗീകാരം കിട്ടിയെന്നും മുള്ളപ്പള്ളി രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

കൂട്ടായ നേതൃത്വത്തിൻ കീഴിൽ ഐക്യത്തോടെ പ്രവർത്തിച്ചാൽ ഏതു പ്രതിസന്ധികളെയും അതിജീവിച്ച് കോൺഗ്രസിന് ഉജ്ജ്വല വിജയം നേടാൻ സാധിക്കും. ഒറ്റക്കെട്ടായി നിൽക്കുന്ന കോൺഗ്രസിനെ ഒരു ശക്തിക്കും പരാജയപ്പെടുത്താനാകില്ല. പാർട്ടിയെന്ന വികാരത്തെക്കാൾ വലുതല്ല മറ്റൊരു വികാരവും. ആ ബോധം എല്ലാവർക്കും ഉണ്ടാകണം. നാം ഓരോരുത്തരും തന്നെയാണ് സംഘടനയുടെ ശക്തി. സംഘടനയെ ശക്തിപ്പെടുത്തുന്ന നടപടികളാണ് ഓരോ പ്രവർത്തകനിൽ നിന്നും ഉണ്ടാകേണ്ടത്.
ജയസാധ്യതയും ജനങ്ങൾക്ക് വിശ്വാസ്യതയുമുള്ള വ്യക്തികളെ തെരഞ്ഞെടുപ്പിൽ അവതരിപ്പിക്കാൻ കോൺഗ്രസിന് കഴിയണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒരു ചൂണ്ടുപലകയാണ്. സ്വീകാര്യതയില്ലാത്തവരെ ജനം തള്ളിക്കളയും. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചയും അനൈക്യവും തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇത് യാഥാർത്ഥ്യമാണ്. അത് നാം ഉൾക്കൊള്ളുകയും തെറ്റുകൾ തിരുത്തുകയും വേണം. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല വാർഡുകളിലും അനവധാനതയോടുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് ഉണ്ടായത്. അതേസമയം കെപിസിസി നിർദ്ദേശിച്ച മാനദണ്ഡം അനുസരിച്ചും സമവാക്യങ്ങൾ ഉൾക്കൊണ്ടും ജനസ്വീകാര്യതയുള്ള സ്ഥാനാർത്ഥികളെ അവതരിപ്പിച്ച ഇടങ്ങളിലും കോൺഗ്രസിന് ജയിക്കാനും തിളക്കമാർന്ന പ്രകടനം കാഴ്ച വയ്ക്കാനും കഴിഞ്ഞെന്നത് പരമായ യാത്ഥാർത്ഥ്യമാണ്.
അർഹതയുള്ളവർക്ക് അംഗീകാരം നൽകുന്നതിൽ മറ്റു മാനദണ്ഡങ്ങൾ ഒരു തടസ്സമാകില്ല.ജനസ്വീകാര്യതയും കഴിവും പ്രതിബദ്ധതയും സ്വാഭാവശുദ്ധിയും ആയിരിക്കും മറ്റുഘടകങ്ങളെക്കാൾ സ്ഥാനാർത്ഥിത്വത്തിന് കെപിസിസി പരിഗണിക്കുന്ന യോഗ്യതകൾ. യുവാക്കൾ,വനിതകൾ,ന്യൂനപക്ഷ-പാർശ്വവത്കരിപ്പെട്ട വിഭാഗങ്ങളിൽ ഉൾപ്പെടെയുള്ളവർക്ക് അർഹമായ പ്രധാന്യം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉറപ്പാക്കും.ഇതിന് ഹൈക്കാമാന്റിന്റെ അംഗീകാരം കെപിസിസിക്ക് ലഭിച്ചിട്ടുണ്ട്. ജയസാധ്യതയിൽ കുറഞ്ഞൊരു ബാഹ്യസമർദ്ദത്തിനും നേതൃത്വം കീഴ്പ്പെടില്ല.ഒരു വിഭാഗത്തേയും അവഗണിക്കുകയുമില്ല.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന അവലോകന യോഗങ്ങളിൽ ഐക്യത്തിന്റെ സന്ദേശം കൃത്യമായി പ്രവർത്തകരിൽ എത്തിക്കാൻ കോൺഗ്രസ് നേതൃത്വത്തിനായി.ഭിന്നാഭിപ്രായങ്ങളെ അവഗണിച്ച് ഐക്യത്തോടെ ശക്തമായി മുന്നോട്ട് പോകാനാണ് പാർട്ടി കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദ്ദേശം.നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ കൂടുതൽ ചലനാത്മകമാക്കുന്നിന് വിപുലമായ പദ്ധതികളാണ് നേതൃത്വം ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജില്ലാതല അവലോകനങ്ങൾക്ക് പിന്നാലെ ജനുവരി 6 മുതൽ 13 വരെ ജില്ലാതല പരിപാടികൾക്ക് തുടക്കം കുറിച്ചു.ഡിസിസി,ബ്ലോക്ക്,മണ്ഡലം ഭാരവാഹികളുടെ യോഗങ്ങൾ ഈ ദിനങ്ങളിൽ ചേരും.ഇതിന് പുറമെ ജില്ലകളുടെ ചുമതല നൽകിയിട്ടുള്ള എഐസിസി സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മൂന്ന് മേഖലകൾ തിരിച്ച് യോഗങ്ങളും ചേരും.
ദക്ഷിണ ജില്ലകളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയും മുൻ എംപിയുമായ പി വിശ്വനാഥനും മധ്യമേഖലാ ജില്ലകളുടെ ചുമതലവഹിക്കുന്ന ഐവാൻ ഡിസൂസയും ജനുവരി 6ന് തിരുവനന്തപുരത്തും തൃശ്യൂരും യോഗം ചേർന്നു. ജനുവരി 7ന് മലബാർ മേഖലകൾ ഉൾപ്പെടുന്ന ആറുജില്ലകളുടെ യോഗം കോഴിക്കോട് എഐസിസി സെക്രട്ടറി പിവി മോഹനന്റെ നേതൃത്വത്തിൽ ചേരും. കെപിസിസി പ്രസിഡന്റ് യോഗം ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എംപി അധ്യക്ഷത വഹിക്കും. ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരും നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറിമാരും ഈ യോഗങ്ങളിൽ പങ്കെടുക്കുകയും ഭാവിപരിപാടികൾ വിശകലനം നടത്തുകയും ചെയ്യും.
ഇതിനുപുറമെ ഈ മാസം 11 മുതൽ 15 വരെ ബ്ലോക്ക് കൺവെൻഷനും തുടർന്ന് 20 വരെ മണ്ഡലം കൺവെൻഷനും നടക്കും.റിപ്പബ്ലിക് ദിനമായ 26ന് ബൂത്തുകളുടെ ചുമതല മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ഏറ്റെടുത്ത് പുന:സംഘടിപ്പിക്കും.അതിന് ശേഷം നേതാക്കളുടെ നേതൃത്വത്തിൽ ഗൃഹസന്ദർശന പരിപാടികളും സംഘടിപ്പിക്കും.മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് മണ്ഡലം തലത്തിൽ 1506 കേന്ദ്രങ്ങളിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പദയാത്രകളും സംഘടിപ്പിക്കും

Story Highlights – mullappally ramachandran fb post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top