കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവം: ശാസ്ത്രീയ പരിശോധനയുമായി പൊലീസ്

കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധനയുമായി പൊലീസ്. പ്രതികളെ കണ്ടെത്താനായി ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

നടക്കല്‍ ഊഴായിക്കോട് ക്ഷേത്രത്തിന്റെ സമീപമുള്ള വീടിന്റെ പറമ്പിലാണ് ഇന്നലെ കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട ഉടന്‍ തന്നെ വീട്ടുടമ്മ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനായി പൊലീസ് പരിശോധന ഊര്‍ജിതമാക്കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. സംഭവ ദിവസം രാത്രി പ്രദേശത്തും ദേശീയപാതയിലും സഞ്ചരിച്ച വാഹനങ്ങളും പരിശോധിക്കും. സംഭവ സ്ഥലത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്.

കുഞ്ഞിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്. കൊവിഡ് പരിശോധനക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി. രാത്രി മുഴുവനും മഞ്ഞേറ്റ് മണ്ണില്‍ കിടന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു.

Story Highlights – Newborn found abandoned in Kollam dies; Police conduct scientific examination

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top