ഇന്ന് ബ്ലാസ്റ്റേഴ്സ് ഒഡീഷക്കെതിരെ; അവസാന സ്ഥാനക്കാർ തമ്മിൽ പോര്

ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും. പോയിൻ്റ് പട്ടികയിൽ യഥാക്രമം 10, 11 സ്ഥാനങ്ങളിലാണ് ഇരു ക്ലബുകളും നിലവിൽ ഉള്ളത്. ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിൻ്റും ഒഡീഷയ്ക്ക് 2 പോയിൻ്റുമാണ് ഉള്ളത്.
കഴിഞ്ഞ സീസണുകളിലൊക്കെ കണ്ടതു തന്നെയാണ് ഇക്കുറിയും. താരങ്ങളുടെ പേരും ജഴ്സിയും പിന്നെ കോച്ചും മാറുന്നു എന്നതല്ലാതെ ബ്ലാസ്റ്റേഴ്സിന് ഒരു മാറ്റവുമില്ല. ഇക്കുറി ട്രാൻസ്ഫർ മാർക്കറ്റിൽ മോശമല്ലാത്ത താരങ്ങളെയും ടാക്ടിക്കലി മികച്ച ഒരു പരിശീലകനെയും എത്തിച്ച് ടീം ശക്തിപ്പെടുത്തിയെങ്കിലും റിസൽട്ട് വരുന്നില്ല. ഗോളടിക്കാൻ പാടുപെടുന്ന മുൻനിരയാണ് ബ്ലാസ്റ്റേഴ്സിൻ്റെ സാധ്യതകളെയും കിബുവിൻ്റെ തന്ത്രങ്ങളെയും ഇല്ലാതാക്കിക്കളഞ്ഞത്. ഏറെ പ്രതീക്ഷയോടെ എത്തിച്ച ഗാരി ഹൂപ്പർ നനഞ്ഞ പടക്കമായി. കൂപ്പർക്ക് പകരം മറെ ഇറങ്ങിത്തുടങ്ങിയതോടെ കൂടുതൽ ഷോട്ടുകൾ എത്തുന്നുണ്ടെന്നതാണ് ഒരു ആശ്വാസം.
Read Also : വീണ്ടും തോറ്റു; പുതുവർഷത്തിലും രക്ഷയില്ലാതെ ബ്ലാസ്റ്റേഴ്സ്
ഡിഫൻസിലെ പരാധീനതകളാണ് മറ്റൊരു പ്രശ്നം. കോസ്റ്റ-കോൺ സഖ്യം ഡെഡ്ലി ആൻഡ് ലീതൽ എന്ന വിശേഷണത്തിൽ നിന്ന് ദുർബലം എന്ന വിശേഷണത്തിലേക്ക് എത്തിയിരിക്കുന്നു. പൊസിഷൻ കാത്തുസൂക്ഷിക്കുന്നതിൽ കോസ്റ്റ ഒരു പരാജയമാണ്. കൗണ്ടർ അറ്റാക്കുകളിൽ അയാൾ പതറുന്നത് കാണാം. ഇന്ത്യൻ ഡിഫൻഡർമാരൊക്കെ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഭേദപ്പെട്ട ഒരു മധ്യനിര ബ്ലാസ്റ്റേഴ്സിനുണ്ട്. രാഹുൽ കെപി ഓരോ കളിയിലും മികച്ചുനിൽക്കുമ്പോൾ, ഫിനിഷിംഗിലെ പോരായ്മ മാറ്റിനിർത്തിയാൽ സഹലും മികച്ച കളിയാണ് കെട്ടഴിക്കുന്നത്. വിസൻ്റെ ഗോമസ്, ഫക്കുണ്ടോ പെരേര എന്നിവർക്കൊപ്പം പുയ്തിയയും സെയ്തസെൻ സിംഗുമൊക്കെ അടങ്ങിയ യുവനിരയും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
റഫറിയിങിനെപ്പറ്റി ഒന്നും പറയാനില്ല. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് മത്സര റിസൽട്ടുകളിൽ നിർണായക സ്വാധീനം ചെലുത്തിയ മോശം തീരുമാനങ്ങൾ റഫറിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായി. മൊത്തത്തിൽ ലീഗിലെ റഫറിയിങ് നിലവാരം തന്നെ അങ്ങനെയാണ് എന്നതാണ് സത്യം.
ഓൾ ഇന്ത്യൻ ഡിഫൻസുമായി ഇറങ്ങി ഹൈദരാബാദിനെതിരെ വിജയിച്ച ടീം പൊളിച്ച് മുംബൈക്കെതിരെ ഇറങ്ങി പരാജയപ്പെട്ടത് കിബുവിൻ്റെ ടാക്ടിക്കൽ ബ്ലണ്ടർ ആയിത്തന്നെ കണക്കാക്കേണ്ടി വരും. അത്തരം ടാക്ടിക്കൽ ബ്ലണ്ടറുകൾ മാറ്റിനിർത്തി പോസിറ്റീവായ ഒരു ടീം ഇറങ്ങിയെങ്കിൽ മാത്രമേ ഇന്നത്തെ കളിയിൽ പ്രതീക്ഷയുള്ളൂ.
Story Highlights – kerala blasters vs odisha fc isl preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here