എന്‍സിപി തര്‍ക്കം; ഇന്ന് കോട്ടയത്ത് ശശീന്ദ്രന്‍ വിഭാഗം പ്രത്യേക യോഗം ചേരും

ncp t p peethambaran

എന്‍സിപിയിലെ തര്‍ക്കം പിളര്‍പ്പിലേക്കെന്ന് സൂചന നല്‍കി ഇന്ന് കോട്ടയത്ത് ശശീന്ദ്രന്‍ വിഭാഗം പ്രത്യേക യോഗം ചേരും. കോണ്‍ഗ്രസ് എസ് നേതാവിന്റെ 36ാം ചരമ വാര്‍ഷികത്തിന്റെ പേരിലാണ് മാണി സി കാപ്പന്‍ വിരുദ്ധ പക്ഷം ഒന്നിക്കുന്നത്. പരിപാടിക്കെതിരെ സംസ്ഥാന അധ്യക്ഷന് പരാതി നല്‍കുമെന്ന് മറു വിഭാഗം വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ ജില്ലകളില്‍ നടത്തുന്ന യോഗങ്ങള്‍ ഒരുവശത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് എസിന്റെ നേതാവായിരുന്ന സി എച്ച് ഹരിദാസിന്റെ 36ാം ചരമ ദിനാചരണം കോട്ടയത്ത് ശശീന്ദ്രന്‍ വിഭാഗം സംഘടിപ്പിച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നേതാക്കളെ ഒപ്പം ചേര്‍ത്ത് ശക്തി പ്രകടനമാണ് ഇരുപക്ഷത്തിന്റെയും ലക്ഷ്യം.

Read Also : എറണാകുളം ജില്ലയില്‍ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് എന്‍സിപി ജില്ലാ പ്രസിഡന്റ്

മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ കോണ്‍ഗ്രസ് എസില്‍ ചേരും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എസ് നേതാവിന്റെ പേരിലുള്ള ചടങ്ങില്‍ കാപ്പന്‍ വിരുദ്ധര്‍ ഒത്തുചേരുന്നത്. പരിപാടി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന അധ്യക്ഷന് പരാതി നല്‍കുമെന്ന് മാണി സി കാപ്പന്‍ അനുകൂലികള്‍ പ്രതികരിച്ചു

സംസ്ഥാനത്തൊട്ടാകെ പരിപാടി നടത്താന്‍ എ കെ ശശീന്ദ്രന്‍ നിര്‍ദേശിച്ചതായി എന്‍സിപി നേതാവ് കാണക്കാരി അരവിന്ദാക്ഷന്‍ പറഞ്ഞു. യോഗത്തിലേക്ക് മാണി സി കാപ്പന് ഉള്‍പ്പെടെ ക്ഷണമുണ്ട്. അനുസ്മരണ പരിപാടി എല്ലാ വര്‍ഷവും നടത്തുന്നതാണെന്നും ശശീന്ദ്രന്‍ പക്ഷം പ്രതികരിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, സിപിഐ സെക്രട്ടറി സി കെ ശശിധരന്‍ തുടങ്ങിയ ഇടത് നേതാക്കളാണ് കോട്ടയത്തെ ശശീന്ദ്രന്‍ പക്ഷത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ടി പി പീതാംബരന്‍ പങ്കെടുക്കുന്ന യോഗവും കോട്ടയത്ത് ചേരും.

Story Highlights – ncp. ldf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top