സംഗീതത്തിന്റെ നക്ഷത്ര അടയാളം; ഗാനഗന്ധർവന് പിറന്നാൾ ആശംസകൾ

ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും കടന്ന് സംഗീത സുരഭില അഭൗമനാദം ഡോ.കെ.ജെ യേശുദാസ് 81 ന്റെ നിറവിൽ… ഒൻപതാം വയസിൽ തുടങ്ങിയ സംഗീത സപര്യ തലമുറകൾ പിന്നിട്ട് മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു.

എംബി ശ്രീനിവാസന്റെ സംഗീതത്തിൽ കാൽപാടുകൾ എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവിന്റെ വരികൾ പാടി ആരംഭിച്ച സംഗീത യാത്ര മലയാള സിനിമാ ചരിത്രം അന്നേവരെ ശീലിച്ച ചലച്ചിത്ര സംഗീതത്തിന് ആസ്വാദനത്തിന്റെ പുതുവെളിച്ചം കൂടിയായിരുന്നു. അന്നു തൊട്ടിവന്നുവരെ യേശുദാസിന്റെ സംഗീതം കേൾക്കാത്ത ദിവസങ്ങൾ മലയാളിക്ക് അന്യമായി. മതവും വർണവും ദേശവും ഭേദിച്ച സംഗീതത്തെ ആസ്വാദകർ ദാസേട്ടൻ എന്ന് വിളിച്ചു. സംഗീതം എന്നതിലുപരി ഓരോ ഗാനങ്ങളും സ്വര പ്രപഞ്ചമായി മാറി.

വയലാർ, പി ഭാസ്‌കരൻ, ബാബുരാജ്, ദക്ഷിണാ മൂർത്തി, കെ രാഘവൻ എന്നിങ്ങനെ മഹാരൂപികൾ അവരുടെ സർഗ സൃഷ്ടികളെ യേശുദാസ് എന്ന സംഗീത പ്രതിഭയിലേക്ക് സമർപ്പിച്ചപ്പോൾ അത് മലയാളത്തിന്റെ ഗാനവസന്തങ്ങളായി വിരിഞ്ഞു.

ഹൃദയ സരസിലെ പ്രണയ പുഷ്പങ്ങൾ പോലെ, കാതിൽ തേൻമഴയായി ചൈത്ര നിലാവിന്റെ പൊൻ വീണയിലൂടെ ഉതിർന്നു വീണു… പാലപ്പൂവിന്റെ മണമോലുന്ന ഗാനങ്ങൾ മലയാളികൾ ഏറ്റുപാടി…

പലഭാഷകളിൽ മുപ്പതിനായിരത്തിലധികം ഗാനങ്ങൾ… ഗന്ധർവ്വ സംഗീതം ആസ്വാദർക്ക്‌മേൽ പൂത്തുലഞ്ഞു…

കോഴിക്കോട് അബ്ദുൾ ഖാദറും മന്നാഡെയും മെഹ്ബൂബും ഉദയഭാനുവും കമുകറയുമെല്ലാം ഗ്രാമീണമായ ശബ്ദഭേദങ്ങളോടെ പാടിയപ്പോൾ സംഗീതത്തിനും മേലെ യേശുദാസ് ഒരു വികാരമായി മാറി. കാലം ഗാന ഗന്ധവർവനായി കുടപിടിച്ചു. ആലാപനത്തിന്റെയും ശബ്ദ സൗന്ദര്യത്തിന്റെയും മാനകം യേശുദാസായി മാറി. അതേ, കാലം കാത്തുവച്ച അസുലഭ പ്രതിഭാസത്തിന് പിറന്നാൾ ആശംസകൾ…

Story Highlights – 81st birthday dr, kj yesudas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top