കടയ്ക്കാവൂർ പോക്‌സോ കേസ്; പൊലീസിനെതിരെ പരാതി നൽകാനൊരുങ്ങി ശിശുക്ഷേമ സമിതി

കടയ്ക്കാവൂർ പോക്‌സോ കേസിൽ പൊലീസിനെതിരെ പരാതി നൽകാനൊരുങ്ങി ശിശുക്ഷേമ സമിതി. സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ശിശുക്ഷേമ സമിതി. എഫ്‌ഐആറിൽ ശിശുക്ഷേമ സമിതി ചെയർപേഴ്‌സന്റെ പേര് ചേർത്തത് സ്വാഭാവിക നടപടിയല്ലെന്നും സിഡബ്ല്യുസി ആരോപിക്കുന്നു. ഇക്കാര്യങ്ങൾ ഉന്നയിച്ച് നാളെ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നൽകും. കൗൺസിലിംഗ് ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്ത് പരാതിയിൽ സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എഫ്‌ഐആറിൽ തന്റെ പേര് ഉൾപ്പെടുത്തിയത് വീഴ്ചയെന്ന് വെളിപ്പെടുത്തി ശിശുക്ഷേമ സമിതി ചെയർപേഴ്സൺ എൻ സുനന്ദ രംഗത്തെത്തിയിരുന്നു. കേസെടുക്കാൻ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയർപേഴ്‌സൺ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പൊലീസ് തയാറാക്കിയ എഫ്‌ഐആറിൽ വിവരം തന്നയാൾ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ എൻ.സുനന്ദയാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസെടുക്കാൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം കുട്ടിക്ക് കൗൺസിലിംഗ് മാത്രമാണ് നൽകിയതെന്നും ചെയർപേഴ്സൺ ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു.
കടക്കാവൂരിൽ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കഴിഞ്ഞ ദിവസം യുവതിയുടെ ഇളയ മകൻ പിതാവ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സഹോദരൻ അമ്മയ്ക്കെതിരെ പരാതി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നു.
Story Highlights – Pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here