ആക്രമണം, പ്രതിരോധം, അതിജീവനം; സിഡ്നിയിൽ ഇന്ത്യക്ക് ഐതിഹാസിക സമനില

india drew australia test

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയിൽ. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്താണ് കളി സമനിലയാക്കിയത്. 97 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ചേതേശ്വർ പൂജാര (77), രോഹിത് ശർമ്മ (52) എന്നിവരും തിളങ്ങി. ഇവർക്കെല്ലാം ഉപരി ആറാം വിക്കറ്റിൽ അശ്വിൻ-വിഹാരി സഖ്യം നടത്തിയ ചെറുത്തുനില്പിൻ്റെ പേരിലാണ് ഈ ടെസ്റ്റ് ഓർമ്മിക്കപ്പെടുക.

2 വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാൽ, രണ്ടാം ഓവറിൽ തന്നെ രഹാനെ പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. 4 റൺസ് മാത്രമെടുത്ത താരത്തെ നഥാൻ ലിയോണിൻ്റെ പന്തിൽ മാത്യു വെയ്ഡ് പിടികൂടുകയായിരുന്നു. വിഹാരിക്ക് പകരം പിന്നീട് ക്രീസിലെത്തിയത് ഋഷഭ് പന്ത് ആയിരുന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് ഓസീസ് ബൗളർമാരെ കടന്നാക്രമിച്ചു. പന്തിൻ്റെ ആക്രമണവും പൂജാരയുടെ പ്രതിരോധവും ഓസീസിനെ വട്ടംകറക്കി. ഇതിനിടെ പന്ത് നകിയ ചാൻസുകൾ ഓസ്ട്രേലിയ വിട്ടുകളയുകയും ചെയ്തു. കിട്ടിയ ലൈഫ് ഉപയോഗിച്ച് പന്ത് ഫിഫ്റ്റി തികച്ചു. വെറും 64 പന്തുകളിലാണ് പന്ത് ഫിഫ്റ്റിയിലേക്ക് കുതിച്ചെത്തിയത്.

പോസിറ്റീവ് ബാറ്റിംഗ് തുടർന്ന പന്ത് ഇന്ത്യയ്ക്ക് ജയസാധ്യത സമ്മാനിച്ചു. ഹേസൽവുഡും കമ്മിൻസും ലിയോണും സ്റ്റാർക്കുമൊക്കെ അടങ്ങിയ ഓസീസ് ബൗളർമാർ കിണഞ്ഞു ശ്രമിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചില്ല. ഫീൽഡർമാർ ക്യാച്ചുകൾ വിട്ടുകളഞ്ഞതും ഓസീസിന് തിരിച്ചടിയായി. ഒടുവിൽ നതാൻ ലിയോൺ ഓസ്ട്രേലിയയുടെ രക്ഷക്കെത്തി. ലിയോണിനെതിരെ ബൗണ്ടറി നേടാനുള്ള ശ്രമം പോയിൻ്റിൽ കമ്മിൻസിൻ്റെ കൈകളിൽ അവസാനിക്കുമ്പോൽ 100 എന്ന മാന്ത്രിക സംഖ്യയിൽ നിന്ന് വെറും 3 റൺസ് മാത്രം അകലെയായിരുന്നു പന്ത്. വെറും 118 പന്തുകൾ മാത്രം നേരിട്ടാണ് യുവതാരം 97 റൺസ് എടുത്തത്.

Read Also : ഏകദിന ശൈലിയിൽ ബാറ്റ് വീശി പന്ത്; മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

പന്ത് പുറത്തായതിനു പിന്നാലെ ആക്രമണം ചുമതല ഏറ്റെടുത്ത പൂജാര വിഹാരിയെ കൂട്ടുപിടിച്ച് സ്കോർബോർഡ് ചലിപ്പിച്ചു. ഇതിനിടെ വിഹാരിക്ക് മസിൽ വേദനയുണ്ടാകിയത് വീണ്ടും ഇന്ത്യക്ക് തിരിച്ചടിയായി. വിക്കറ്റിനിടയിലെ ഓട്ടത്തിനു പോലും സാധിക്കാതിരുന്ന താരം ഡിഫൻസീവ് മോഡിലേക്ക് മാറി. സമനില എന്നത് മാത്രം ഒരു ഓപ്ഷനായി നിൽക്കവെ ഇന്ത്യയെ ഞെട്ടിച്ച് പൂജാര പുറത്തായി. 77 റൺസെടുത്ത പൂജാരയെ ഹേസൽവുഡ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഇനിയുള്ളത് വാലറ്റവും കൈക്ക് പരുക്കേറ്റ ജഡേജയും ഹാംസ്‌ട്രിങ് ഇഞ്ചുറിയുമായി ഓടാൻ പോലും കഴിയാത്ത വിഹാരിയുമാണ്. ഇന്ത്യ തോൽക്കുമെന്ന് ഉറപ്പിച്ച സമയം.

88.2 ഓവറിൽ സ്കോർ 272ൽ നിൽക്കവെയാണ് ഇന്ത്യക്ക് പൂജാരയെ നഷ്ടമാവുന്നത്. ആറാം വിക്കറ്റിൽ അശ്വിൻ-പൂജാര സഖ്യം ഒത്തുചേർന്നു. അസാമാന്യ മനക്കരുത്തോടെയാണ് സഖ്യം ക്രീസിൽ നിലയുറപ്പിച്ചത്. ഓസ്ട്രേലിയ എല്ലാ കരുത്തും ഉപയോഗിച്ച് ആക്രമിച്ചു. ഷോർട്ട് ബോളുകൾ കൊണ്ട് അവർ നിരന്തരം പരീക്ഷിച്ചു. രണ്ടിലധികം തവണ അശ്വിനും വിഹാരിയും ദേഹത്ത് പന്തു കൊണ്ട് വേദന കൊണ്ട് പുളഞ്ഞു. ഫിസിയോ ഓടിയെത്തി. ഓസീസ് താരങ്ങൾ ഇരുവരെയും അസഭ്യം പറഞ്ഞു. ഫേക്ക് ത്രോകൾ കൊണ്ട് ഭീഷണിപ്പെടുത്തി. പവലിയനിൽ വേദനസംഹാരി കഴിച്ച് ഇഞ്ചക്ഷനെടുത്ത് ജഡേജ പാഡണിഞ്ഞ് തയ്യാറെടുത്തു. പക്ഷേ, വിഹാരിയും അശ്വിനും തോൽക്കാൻ തയ്യാറല്ലായിരുന്നു. 43.4 ഓവറുകളാണ് ഈ സഖ്യം അതിജീവിച്ചത്. 62 റൺസിൻ്റെ കൂട്ടുകെട്ടും ഇവർ ഉയർത്തി. ഒടുവിൽ ഇന്നിംഗ്സിലെ അവസാന ഓവർ ബാക്കി നിർത്തി ഇരു ക്യാപ്റ്റന്മാരും കൈ കൊടുത്തു. അശ്വിൻ 39ഉം വിഹാരി 23ഉം റൺസെടുത്ത് പുറത്താവാതെ നിന്നു.

Story Highlights – india drew with australia in third test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top