‘കടയ്ക്കാവൂർ കേസ് കെട്ടിച്ചമച്ചത്; മകളെ ജയിലിൽ നിന്നിറക്കില്ലെന്ന് പൊലീസ് ഭീഷണിപ്പെടുത്തി’; ഗുരുതര ആരോപണവുമായി യുവതിയുടെ പിതാവ്

കടയ്ക്കാവൂർ പോക്‌സോ കേസിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പൊലീസിനുമെതിരെ ഗുരുതര വിമർശനവുമായി യുവതിയുടെ പിതാവ്. പൊലീസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അറിഞ്ഞുകൊണ്ടാണ് കേസ് കെട്ടിച്ചമച്ചത്. മകളെ ജയിലിൽ നിന്നിറക്കില്ലെന്ന് പൊലീസുകാരൻ ഭീഷണിപ്പെടുത്തി. സ്ത്രീധനം സംബന്ധിച്ച തർക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും യുവതിയുടെ പിതാവ് പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും യുവതിയുടെ പിതാവ് പരാതി നൽകി.

കേസിൽ മകൾ നിരപരാധിയാണെന്ന ഉറച്ച നിലപാടിലാണ് യുവതിയുടെ മാതാപിതാക്കൾ. ഇന്നലെ ട്വന്റിഫോറിന്റെ എൻകൗണ്ടറിൽ പങ്കെടുത്ത് മാതാപിതാക്കൾ യുവതിയുടെ ഭർത്താവിനും രണ്ടാം ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ഭർത്താവും ഇപ്പോഴത്തെ ഭാര്യയും ചേർന്ന് കള്ളക്കഥകൾ ചമയ്ക്കുകയാണെന്നും കുട്ടിക്ക് മയക്കുമരുന്ന് നൽകുന്നുണ്ടെന്നും മാതാപിതാക്കൾ ആരോപിച്ചു. സ്ത്രീധനത്തിന്് വേണ്ടിയാണ് കള്ളക്കേസ് നൽകിയതെന്നും ഇവർ പറഞ്ഞിരുന്നു.

മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ വക്കം സ്വദേശിനിയായ യുവതിയെ ദിവസങ്ങൾക്ക് മുൻപാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനാല് വയസുള്ള മകനെ പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. പോക്‌സോ കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമായിരുന്നു ഇത്. എന്നാൽ പിതാവിനെതിരെ ഗുരുതര ആരോപണവുമായി ഇളയ മകൻ രംഗത്തെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഉയർന്നു.അമ്മയെ കേസിൽ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായായിരുന്നു ഇളയ മകന്റെ വെളിപ്പെടുത്തൽ. ചേട്ടനെ മർദിച്ച് പരാതി പറയിപ്പിച്ചതാണെന്നും ഇളയ മകൻ പറഞ്ഞു. സംഭവം വിവാദമായതോടെ ഉന്നതതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഐ.ജി ഹർഷിത അട്ടല്ലൂരിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights – Kadakkavoor pocso case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top