കോന്നിയില്‍ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജീവനൊടുക്കിയ സംഭവം: പ്രാദേശിക നേതൃത്വത്തിനെതിരെ കുടുംബം

പത്തനംതിട്ട കോന്നിയില്‍ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടന്‍ ആത്മഹത്യ ചെയ്തത് നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണെന്ന് ഭാര്യ. തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി തോറ്റതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ ഓമനക്കുട്ടനെ കൈയ്യേറ്റം ചെയ്‌തെന്നും രാധ പറഞ്ഞു. കോന്നി വട്ടക്കാവ് സ്വദേശി സി.കെ. ഓമനക്കുട്ടനെ ഇന്ന് രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

രാവിലെ ഭാര്യ നടക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ ഓമനക്കുട്ടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോന്നി മുന്‍ ഏരിയ കമ്മറ്റി അംഗവും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന ഓമനക്കുട്ടന്‍ ഒരു വര്‍ഷത്തോളമായി പാര്‍ട്ടിയില്‍ സജീവമല്ല. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം.

പ്രമാടം പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നില്‍ ഓമനക്കുട്ടന്‍ ആണെന്ന് പ്രചരിപ്പിക്കുകയും അതിനെ തുടര്‍ന്ന് ഒരിക്കല്‍ കൈയ്യേറ്റ ശ്രമം ഉണ്ടായതായും കുടുംബം പറയുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ സിപിഐഎം നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടില്ല.

Story Highlights – Former CPIM local committee secretary Konni suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top