ഗർഭിണിയെ കൊന്ന് കുഞ്ഞിനെ പുറത്തെടുത്ത കേസ്; അമേരിക്കയിൽ 68 വർഷത്തിന് ശേഷം ആദ്യമായി സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കി

ഇരുപത്തിമൂന്നുകാരിയായ ഗർഭിണിയെ കൊന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത കേസിൽ 52കാരിയുടെ വധശിക്ഷ നടപ്പിലാക്കി. അമേരിക്കയിൽ 68 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. കേസിൽ പ്രതിയായ ലിസ മോണ്ട്‌ഗോമറിയെയാണ് വധശിക്ഷയ്ക്ക് വിധേയയാക്കിയത്. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറൽ കറക്ഷണൻ കോംപ്ലക്‌സിലാണ് വിഷം കുത്തിവച്ച് ലിസയെ വധിച്ചത്.

ലിസയുടെ വധശിക്ഷ നടപ്പാക്കുന്നത് കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. ലിസയുടെ മാനസികനില നിർണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പാട്രിക് ഹാൻലോൻ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്. എന്നാൽ കേസ് പരിഗണിച്ച സുപ്രിംകോടതി ലിസയുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. തുടർന്ന് ശിക്ഷ നടപ്പിലാക്കുകയായിരുന്നു. അമേരിക്കൻ സമയം 1.31ന് ലിസ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

2004 ഡിസംബർ പതിനാറിനാണ് കേസിനാസ്പദമായ സംഭവം. ഓൺലൈൻ ചാറ്റിലൂടെ പരിചയപ്പെട്ട ഗർഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ കൊലപ്പെടുത്തുകയും വയറുകീറി എട്ടു മാസം പ്രായമായ കുഞ്ഞിനെ പുറത്തെടുത്തെന്നുമാണ് ലിസയ്‌ക്കെതിരായ കേസ്. ഗർഭസ്ഥശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാൻസസിലെ ഫാംഹൗസിൽ കണ്ടെത്തി. സ്വന്തം കുഞ്ഞാണതെന്നായിരുന്നു ലിസയുടെ അവകാശവാദം. ലിസയെ അറസ്റ്റു ചെയ്ത പൊലീസ് ഗർഭസ്ഥശിശുവിന്റെ സംരക്ഷണം പിതാവിനെ ഏൽപിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന ലിസയുടെ ശിക്ഷ തടയാൻ ഇന്ത്യാനയിലെ കോടതിയിൽ അവരുടെ അഭിഭാഷകർ 7000 പേജുള്ള ദയാഹർജി നൽകിയിരുന്നു. കുട്ടിക്കാലത്ത് വളർത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ തലയ്ക്ക് ക്ഷതമേറ്റിരുന്നു. ഇതിന്റെ ഫലമായി വളർന്നപ്പോൾ മാനസിക ദൗർബല്യമുള്ളയാളായി. ഇതു ചൂണ്ടിക്കാട്ടിയാണ് ലിസയ്ക്ക് മാപ്പ് നൽകണമെന്ന ആവശ്യമുയർന്നത്.

1953 ൽ ബോണി ബ്രൗൺ ഹെഡിയുടെ വധശിക്ഷയാണ് യു.എസിൽ അവസാനമായി നടപ്പാക്കിയത്. യുഎസിൽ ഇതുവരെ 6 വനിതകളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുള്ളത്.

Story Highlights – US Executes First Woman On Federal Death Row In 7 Decades

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top