സ്വര്‍ണക്കടത്ത് ചര്‍ച്ചയ്ക്കിടെ സഭയില്‍ വാക്‌പോരുമായി മുഖ്യമന്ത്രിയും പി.ടി.തോമസ് എംഎല്‍എയും

സ്വര്‍ണക്കടത്ത് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ നിയമസഭയില്‍ വാക്‌പോര്. മുഖ്യമന്ത്രി പുത്രീവാത്സല്യംകൊണ്ട് കേരളത്തെ നശിപ്പിക്കരുതെന്ന പി.ടി. തോമസിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി രംഗത്ത് എത്തി. മര്യാദയില്ലാത്ത വാക്കുകളാണ് പി.ടി. തോമസിന്റേതെന്ന് ഭരണപക്ഷം ആരോപിച്ചു.

പൂരപ്പാട്ടിനുള്ള സ്ഥലമല്ല സഭയെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. തന്റെ കൈകള്‍ ശുദ്ധമായതുകൊണ്ടാണ് ലാവ്‌ലിന്‍ കേസില്‍ കോടതി തന്നെ വെറുതെ വിട്ടത്. സ്വര്‍ണക്കടത്തിന്റെ അടിവേര് കണ്ടെത്തണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ എം. ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. സി.എം. രവീന്ദ്രന്‍ കുറ്റം ചെയ്‌തെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ല. രവീന്ദ്രനെതിരെ രാജ്യദ്രോഹം ആരോപിക്കുന്നത് വികല മനസിന്റെ വ്യാമോഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ വ്യക്തിപരമായ കടന്നാക്രിച്ചാണ് പി.ടി.തോമസ് സഭയില്‍ സംസാരിച്ചത്. കേന്ദ്രത്തിന് കത്തെഴുതിയപ്പോള്‍ മുഖ്യമന്ത്രി ഇത്രയും കരുതിയില്ല. കേന്ദ്രസംഘത്തിന്റെ പടതന്നെ കേരളത്തിലേക്ക് വന്നപ്പോള്‍ മുഖ്യമന്ത്രി ഞെട്ടിപ്പോയി. ശിവശങ്കറിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സ്വപ്‌നയോടൊപ്പം ശിവശങ്കര്‍ വിദേശയാത്ര നടത്തിയപ്പോള്‍ അത് ചോദ്യം ചെയ്യാനുള്ള ഉളുപ്പ് മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നോയെന്നും പി.ടി. തോമസ് ചോദിച്ചു. ശിവശങ്കറുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം തുടങ്ങുന്നത് ലാവ്‌ലിന്‍ ഫയല്‍ ചോര്‍ത്തിക്കൊടുത്തുകൊണ്ടാണ്. ടിഷ്യൂപേപ്പര്‍ കാണിച്ചാലും ഒപ്പിട്ടുതരുന്ന മരമണ്ടനാണ് മുഖ്യമന്ത്രിയെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നതായും പി.ടി. തോമസ് സഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തലേന്ന് സ്വപ്‌ന എത്തിയിരുന്നോ, അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ ചോദ്യം ചെയ്തിരുന്നോയെന്നും പി.ടി. തോമസ് ചോദിച്ചു.

മറുപടി പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പറഞ്ഞു. പ്രമേയ അവതാരകനായ പി.ടി. തോമസിനെ നിയന്ത്രിക്കാന്‍ പ്രതിപക്ഷ നേതാവിന് സാധിക്കില്ല. മുഖ്യമന്ത്രിയെ പ്രതിയാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എന്നാല്‍ അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയമായി കേസിനെ തിരിച്ചുവിടാന്‍ ശ്രമിച്ചപ്പോഴാണ് കേന്ദ്രത്തിന് കത്തയച്ചത്. പിആര്‍ ഏജന്‍സിയല്ല പിണറായി വിജയനെ പിണറായി വിജയന്‍ ആക്കിയത്. കമ്യൂണിസ്റ്റുകാരനെ ജയില്‍ കാണിച്ച് പേടിപ്പിക്കരുത്. വിവാഹതലേന്ന് സ്വപ്‌ന വന്നിട്ടില്ല. കുടുംബാംഗങ്ങളെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – Chief Minister and PT Thomas MLA – gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top