കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേയ്ക്ക്; ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേയ്ക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുതിർന്ന നേതാവ് ഉമ്മൻചാണ്ടി എന്നിവരാണ് ഡൽഹിക്ക് പോകുന്നത്. 18, 19 ദിവസങ്ങളിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. നേതാക്കളുടെ ഡൽഹി ചർച്ചയ്ക്ക് ശേഷം ഡിസിസി പുനഃസംഘടനയിൽ ഉൾപ്പെടെ തീരുമാനമുണ്ടാകും.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനാണ് ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചത്. സോണിയ ഗാന്ധി, താരിഖ് അൻവർ എന്നിവരുമായി മൂന്നുപേരും കൂടിക്കാഴ്ച നടത്തും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ രണ്ട് തവണ കേരളത്തിലെത്തി തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും വിലയിരുത്തി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ച് പ്രചാരണം നയിക്കണമെന്നും മോശം പ്രകടനം കാഴ്ചവച്ച ഡിസിസിയിൽ നേതൃമാറ്റം വേണമെന്നും നിർദേശം ഉണ്ടായെങ്കിലും നടപ്പായില്ല.

ഡിസിസി പുനഃസംഘടനയിലെ സാധ്യതാ പട്ടിക ഇതുവരെ സമർപ്പിക്കാത്തതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, പാലക്കാട് ഡിസിസികളിൽ അഴിച്ചുപണി വേണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃനിരയിൽ മാറ്റംവരുന്നത് പ്രചാരണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് ഒരുവിഭാഗം സംസ്ഥാന നേതാക്കളുടെ വാദം. എന്തായാലും നേതാക്കളുടെ ഡൽഹി ചർച്ചയ്ക്ക് ശേഷം ഡിസിസി പുനഃസംഘടനയിൽ ഉൾപ്പെടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം ഉമ്മൻ ചാണ്ടിയുടെ പുതിയ ചുമതലകൾ സംബന്ധിച്ചും വ്യക്തത ഉണ്ടാകുമെന്നാണ് വിവരം.

Story Highlights – Congress, Ramesh chennithala, Mullappally ramachandran, Oomman chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top