സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസം ബുംറയ്ക്ക് നടക്കാൻ പോലും കഴിയുമായിരുന്നില്ല; റിപ്പോർട്ട്

Jasprit Bumrah Sydney Test

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ പരുക്കുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൻ്റെ അവസാന ദിവസത്തിൽ ബുംറയ്ക്ക് നടക്കാൻ പോലും കഴിയുമായിരുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ ടീം അംഗത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“മൂന്നാം ടെസ്റ്റിനിടെ തന്നെ തനിക്ക് അസ്വസ്ഥതയുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. പക്ഷേ, ബുംറ പോരടി. എന്നാൽ, ടെസ്റ്റ് അവസാനിച്ചപ്പോൾ അദ്ദേഹത്തിൻ്റെ നില ഗുരുതരമായി. തിങ്കളാഴ്ച വൈകുന്നേരം ബുംറയ്ക്ക് നടക്കാൻ പോലും കഴിയുമായിരുന്നില്ല. നാലാം ടെസ്റ്റിനു മുൻപ് അദ്ദേഹം ഫിറ്റ്നസ് വീണ്ടെടുക്കുക എന്നത് സാധ്യതയില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഗാബയിൽ കളിക്കാനിടയില്ല.”- ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Read Also : ഇന്ത്യൻ താരങ്ങളുടെ പരുക്കിനു കാരണം ഐപിഎൽ: ജസ്റ്റിൻ ലാംഗർ

ഇന്ത്യൻ ടീമിൽ പരുക്ക് പിടിമുറുക്കുകയാണ്. താരങ്ങളിൽ പലരും വേദനസംഹാരി കഴിച്ചാണ് കഴിയുന്നത്. എല്ലാവരും മടുത്തിരിക്കുകയാണ്. കടുത്ത പരിശീലനങ്ങളോ ജിം സെഷനുകളോ ഇല്ല. നെറ്റ് പ്രാക്ടീസും വളരെ ലളിതമായേ ഉണ്ടാവൂ. ആവശ്യമുള്ളവർക്ക് നെറ്റ്സിൽ പരിശീലിക്കാം. ഒരു റിസ്കെടുക്കാൻ ടീം മാനേജ്മെൻ്റ് ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു എന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, മായങ്ക് അഗർവാൾ, ജസ്പ്രീത് ബുംറ എന്നിവരാണ് മൂന്നാം ടെസ്റ്റിലും പിറ്റേന്നുമായി പുറത്തായത്. അശ്വിൻ കളിക്കുമോ എന്നതിൽ വ്യക്തതയില്ല. ഋഷഭ് പന്ത് പരുക്ക് വെച്ചാണ് കളിക്കുന്നത്. മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നീ പേസർമാരൊക്കെ പുറത്താണ്. ലോകേഷ് രാഹുലും പുറത്തായിരുന്നു. ഗാബയിൽ നടക്കുന്ന അവസാന ടെസ്റ്റിൽ ടി നടരാജൻ അരങ്ങേറുമെന്നാണ് സൂചന. ശർദ്ദുൽ താക്കൂർ, വൃദ്ധിമാൻ സാഹ എന്നിവർക്കും സാധ്യതയുണ്ട്. അതേസമയം, അശ്വിൻ കളിക്കില്ലെങ്കിൽ വാഷിംഗ്‌ടൺ സുന്ദർ ടീമിലെത്തുമെന്നും സൂചനയുണ്ട്.

Story Highlights – Jasprit Bumrah could ‘barely walk’ on the final day of Sydney Test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top