‘ഒരു വിഭാഗം ജീവനക്കാർ പ്രശ്‌നക്കാർ; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; പ്രതികരിച്ച് ബിജു പ്രഭാകർ

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർക്കെതിരെയാണ് നിലപാട് വ്യക്തമാക്കിയതെന്ന് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ. കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാരും മോശക്കാരാണെന്ന് പറഞ്ഞിട്ടില്ല. പത്ത് ശതമാനം വരുന്ന ജീവനക്കാരാണ് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും ബിജു പ്രഭാകർ ട്വന്റിഫോറിനോട് പറഞ്ഞു.
ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ട് തനിക്ക് ഇത് നടത്തിക്കൊണ്ടുപോകാൻ പറ്റില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ എന്തെങ്കിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് സംഘടനകൾ നൽകിയിട്ടുള്ള നിർദേശത്തിന്റെ ഫലം കൂടിയാണ്. നാളെ തന്നെ ചീത്ത പറഞ്ഞാലും അവരെ മോശം പറയില്ല. ജീവനക്കാരോ സംഘടനകളോ ബോർഡോ അല്ല തെറ്റിദ്ധാരണ പരത്തുന്നത്. എല്ലാവരും കള്ളന്മാരാണെന്ന് പറഞ്ഞിട്ടില്ല. ഒരു വിഭാഗം ജീവനക്കാരാണ് പ്രശ്‌നക്കാരെന്നും ബിജു പ്രഭാകർ വ്യക്തമാക്കി.
ശ്രീകുമാറിനെതിരെ ആരോപണം ഉയർന്നപ്പോൾ നടപടി ആവശ്യപ്പെടുകയാണ് ഉണ്ടായത്. ശ്രീകുമാർ കുറ്റക്കാരനാണെന്ന റിപ്പോർട്ടാണ് ലഭിച്ചത്. അദ്ദേഹത്തെ കുറ്റാരോപണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീകുമാറിന്റെ കൂടി വിശദീകരണം കേൾക്കും. കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടാൽ. സസ്‌പെൻഷനോ പിരിച്ചുവിടൽ നടപടിയോ നേരിടേണ്ടി വരുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
പല ജീവനക്കാർക്കും ആവശ്യത്തിന് യോഗ്യതയില്ല. ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില ജീവനക്കാർ മനഃപൂർവം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചിലർ തെറ്റായ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കും. ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയവർ വരെയുണ്ട്. വലിയ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങൾ പോയാൽ നടപടി ഉണ്ടാക്കും. കുറ്റം ആര് ചെയ്താലും നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.
Story Highlights – Biju Prabhakar, KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here