വെള്ളവസ്ത്രം ധരിച്ച് ശരീരമാസകലം ചോരയൊലിക്കുന്ന നിലയിലുള്ള ഒരു പെൺകുട്ടിയുടെ ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം: 24 fact check

ഇൻട്രോ- വെള്ളവസ്ത്രം ധരിച്ച് ശരീരമാസകലം ചോരയൊലിക്കുന്ന നിലയിലുള്ള ഒരു പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മകര സംക്രാന്തിയോടനുബന്ധിച്ച് പട്ടം പറത്തുന്നതിനെതിരെ പെൺകുട്ടി പ്രതിഷേധിക്കുന്നുവെന്നാണ് ചിത്രത്തിനൊപ്പം പ്രചരിച്ച തലവാചകം. ഇതിന്റെ സത്യാവസ്ഥ നോക്കാം.
വെള്ളവസ്ത്രം ധരിച്ച പെൺകുട്ടി, ശരീരമാസകലം ചോരപ്പാടുകൾ, പെൺകുട്ടി നിൽക്കുന്നതിന് സമീപം പട്ടം കെട്ടിയിട്ടിരിക്കുന്നതും കാണാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഈ ചിത്രം പ്രചരിക്കുന്നുണ്ട്. മകര സംക്രാന്തിയോടനുബന്ധിച്ചുള്ള പട്ടം പറത്തലിനിടെ പക്ഷികൾക്ക് അപകടം സംഭവിക്കുന്നതിനെതിരെയാണ് പെൺകുട്ടിയുടെ പ്രതിഷേധമെന്ന് പ്രചരിച്ച പോസ്റ്റിൽ പറയുന്നു. എന്നാൽ, മകരസംക്രാന്തിയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. മൃഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി 2017 ഓഗസ്റ്റിൽ ഡൽഹിയിൽ നടന്ന ഒരു ക്യാംപെയ്ന്റെ ചിത്രം തെറ്റായ രീതിയിൽ പ്രചരിക്കുകയായിരുന്നു. പട്ടം പറത്തുന്നതിനിടെ പക്ഷികൾ ചത്തൊടുങ്ങുന്നതിനെതിരെയായിരുന്നു ക്യാംപെയ്ൻ. ഇതുമായി ബന്ധപ്പെട്ട് മിക്ക മാധ്യമങ്ങളും അന്നുതന്നെ വാർത്ത നൽകിയിരുന്നു. മൃഗങ്ങൾക്കായി നിലകൊള്ളുന്ന അഭയ് ദാനം എന്ന ഓർഗനൈസേഷനായിരുന്നു ക്യാംപെയ്ൻ സംഘടിപ്പിച്ചത്. അവരുടെ ഫേസ്ബുക്ക് പേജിൽ 2017 ഓഗസ്റ്റ് നാലിന് ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രവും അത് പകരുന്ന സന്ദേശവും പ്രസക്തമാണ്. എന്നാൽ ഈ ചിത്രം ഇപ്പോൾ പ്രചരിക്കുന്നത് തെറ്റായ തലവാചകത്തോടെയാണ് എന്ന് മാത്രം.
Story Highlights – The reality behind the picture of a girl in a white dress with blood all over her body: 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here