എറണാകുളം ജില്ലയിൽ രണ്ടു സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്

Congress Joseph seats Ernakulam

എറണാകുളം ജില്ലയിൽ രണ്ടു സീറ്റുകൾ വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്. കഴിഞ്ഞ തവണ മത്സരിച്ച കോതമംഗലത്തിന് പുറമെ മൂവാറ്റുപുഴ സീറ്റിലും ജോസഫ് ഗ്രൂപ്പ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. യുഡിഎഫിൽ ഇതിനായി സമ്മർദ്ദം ശക്തമാക്കാനാണ് ജോസഫ് ഗ്രൂപ്പിൻ്റെ നീക്കം.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് എറണാകുളം ജില്ലയിൽ കോതമംഗലം സീറ്റ് മാത്രം നൽകിയാൽ മതിയെന്നാണ് കോൺഗ്രസിലെ ഏകദേശധാരണ. കോതമംഗലത്ത് കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് ഷിബു തെക്കുംപുറം യുഡിഎഫ് സ്ഥാനാർഥിയാകും. മൂവാറ്റുപുഴ സീറ്റ് കൂടി ലഭിച്ചാൽ ഇവിടെ ഫ്രാൻസിസ് ജോർജിനെ കളത്തിലിറക്കാനാണ് ജോസഫ് ഗ്രൂപ്പിൻറെ നീക്കം. രണ്ടു സീറ്റുകളിലും ജോസഫ് ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

എന്നാൽ മൂവാറ്റുപുഴ സീറ്റ് വിട്ടു നൽകേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. മുതിർന്ന കോൺഗ്രസ് നേതാവും ഐ ഗ്രൂപ്പിലെ കരുത്തനുമായ ജോസഫ് വാഴക്കൻ മൂവാറ്റുപുഴ സീറ്റിനായി രംഗത്തുണ്ട്. മൂവാറ്റുപുഴയിൽ ഇതിനകം ജോസഫ് വാഴക്കൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. ഇതോടെ മൂവാറ്റുപുഴയെ ചൊല്ലി യുഡിഎഫിൽ തർക്കത്തിന് വഴിതെളിഞ്ഞു. എന്നാൽ പാലായിലും കുട്ടനാട്ടിലും വിട്ടുവീഴ്ചകൾക്ക് വഴിയൊരുങ്ങിയതോടെ പകരം ആവശ്യപ്പെടുന്ന സീറ്റുകളിൽ മൂവാറ്റുപുഴക്കാണ് ജോസഫ് ഗ്രൂപ്പ് പ്രധാന പരിഗണന നൽകുന്നത്.

Read Also : ഉമ്മന്‍ ചാണ്ടിയും സംഘവും ഡല്‍ഹിക്ക് പോയാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് എ വിജയരാഘവന്‍

എന്നാൽ മൂവാറ്റുപുഴയുടെ കാര്യത്തിൽ മറിച്ചൊരു ആലോചന വേണ്ടെന്നാണ് എറണാകുളം ഡിസിസി യുടെ നിലപാട്. കോൺഗ്രസിന് ഏറ്റവും കരുത്തുള്ള കിഴക്കൻ മേഖലയിലെ നാല് സീറ്റുകളിൽ പിറവത്ത് അനൂപ് ജേക്കബും കോതമംഗലത്ത് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയും മത്സരിക്കുന്നതിനാൽ മറ്റു രണ്ടു സീറ്റുകളിൽ വിട്ടുവീഴ്ച പാടില്ലെന്നും ഡിസിസി കെപിസിസി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

അതേസമയം, കോതമംഗലത്തെ സിറ്റിങ് എംഎൽഎ ആയ ആൻ്റണി ജോണിനെ ഇക്കുറിയും കളത്തിലിറക്കാനാണ് സിപിഐഎം തീരുമാനം. പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നീ മൂന്ന് മണ്ഡലങ്ങളിൽ ഏതെങ്കിലും രണ്ടു സീറ്റുകൾ നൽകണമെന്ന ആവശ്യം എൽഡിഎഫിൽ ഉന്നയിക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം.

Story Highlights – Kerala Congress Joseph Group wants two seats in Ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top