സഞ്ജുവിനും സച്ചിനും ഫിഫ്റ്റി; കേരളം പൊരുതിത്തോറ്റു

kerala lost haryana mushtaq

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിനു തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന അവസാന മത്സരത്തിൽ 4 റൺസിനാണ് കേരളം ഹരിയാനയോട് അടിയറവു പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്ത ഹരിയാനക്ക് മറുപടിയായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 194 റൺസെടുക്കാനേ സാധിച്ചുള്ളൂ. അർദ്ധസെഞ്ചുറി അടിച്ച് സഞ്ജു സാംസണും സച്ചിൻ ബേബിയും പൊരുതിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. 68 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സഞ്ജു 51 റൺസ് നേടി പുറത്തായി.

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളത്തിന് സ്കോർ ബോർഡിൽ 15 റൺസ് ആയപ്പോൾ തന്നെ ഉത്തപ്പയെ (8) നഷ്ടമായി. ടൂർണമെൻ്റിൽ ഇതുവരെ ശോഭിക്കാതിരുന്ന സഞ്ജു അസ്‌ഹറുദ്ദീനുമായി ചേർന്നതോടെ സ്കോർബോർഡിൽ റൺസ് എത്താൻ തുടങ്ങി. മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇരുവരും രണ്ടാം വിക്കറ്റിൽ 81 റൺസിൻ്റെ കൂട്ടുകെട്ടിലും പങ്കാളിയായി. ഇതിനിടെ 28 പന്തുകളിൽ സഞ്ജു ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ സഞ്ജുവും (51) അതേ ഓവറിൽ തന്നെ അസ്‌ഹറുദ്ദീനും (35) പുറത്തായതോടെ കേരളം ബാക്ക് ഫൂട്ടിലായി. വിഷ്ണു വിനോദ് (10) വേഗം മടങ്ങി.

നാലാം നമ്പറിൽ ക്രീസിലെത്തിയ സച്ചിൻ ബേബി അപാര ഫോമിലായിരുന്നു. ഹരിയാന ബൗളർമാരെ നാലുപാടും തല്ലിച്ചതച്ച സച്ചിൻ 27 പന്തുകളിൽ ഫിഫ്റ്റി തികച്ചു. സൽമാൻ നിസാറിനെ ഒരു വശത്ത് നിർത്തി സച്ചിൻ കളിച്ച ഇന്നിംഗ്സാണ് കേരളത്തെ ജയത്തിനരികെ എത്തിച്ചത്. അവസാന ഓവറിൽ വിജയിക്കാൻ 12 റൺസ് വേണമെന്നിരിക്കെ 194 റൺസ് നേടാനേ കേരളത്തിനു കഴിഞ്ഞുള്ളൂ. ആ ഓവറിൽ സൽമാൻ നിസാറിനെയും (5) കേരളത്തിനു നഷ്ടമാവുകയും ചെയ്തു. സച്ചിൻ ബേബി (68) റണ്ണൗട്ടായി. അക്ഷയ് ചന്ദ്രൻ (4), ജലജ് സക്സേന (1) എന്നിവർ പുറത്താവാതെ നിന്നു.

ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഹരിയാന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കേരളം പുറത്തായി.

Story Highlights – kerala lost to haryana in syed mushtaq ali trophy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top