കർഷകർ തുറന്ന മനസോടെ സഹകരിക്കണമെന്ന് സുപ്രിംകോടതി

തുറന്ന മനസോടെ സഹകരിക്കണമെന്ന് കർഷകരോട് അഭ്യർത്ഥിച്ച് സുപ്രിംകോടതി നിയോഗിച്ച സമിതി. വ്യാഴാഴ്ച നിശ്ചയിച്ചിരിക്കുന്ന സിറ്റിംഗിന് എത്താൻ കർഷക സംഘടനകളോട് അഭ്യർത്ഥിച്ചു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കർഷക നേതാക്കളുമായി ചർച്ച നടത്തി. അതേസമയം, കാർഷിക രംഗത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഡൽഹി അതിർത്തികളിലെ പ്രക്ഷോഭം അൻപത്തിയഞ്ചാം ദിവസത്തിലും ശക്തമായി തുടരുകയാണ്.
കാർഷിക നിയമങ്ങളിലെ ശരിതെറ്റുകൾ കണ്ടെത്താൻ സുപ്രീംകോടതി നിയോഗിച്ച സമിതി ഡൽഹിയിൽ ഇന്ന് ആദ്യ യോഗം ചേർന്നു. കർഷകർ സമിതിയുമായി സഹകരിക്കണമെന്ന് യോഗത്തിന് ശേഷം സമിതി അംഗങ്ങൾ അഭ്യർത്ഥിച്ചു. സമിതി അംഗങ്ങൾ പക്ഷപാതമുള്ളവരാണെന്ന് ചിന്തിക്കരുത്. കർഷകരുടെ ആശങ്കകൾ സുപ്രിംകോടതിയെ അറിയിക്കും. എല്ലാവരുടെയും ഭാഗം കേൾക്കുമെന്നും അംഗങ്ങൾ വ്യക്തമാക്കി. നാലംഗ സമിതിയിൽ നിന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ അധ്യക്ഷൻ ഭൂപീന്ദർ സിംഗ് മാൻ നേരത്തെ പിന്മാറിയിരുന്നു. എന്നാൽ, സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക നേതാക്കൾ ഇന്നും ആവർത്തിച്ചു. കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാർ ജനത്തെ തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിന് അനുമതി നൽകണമെന്ന് ഡൽഹി പൊലീസുമായി നടന്ന ചർച്ചയിൽ കർഷക സംഘടനകൾ ആവശ്യപ്പെട്ടു. ഡൽഹിയിലെ ഔട്ടർ റിംഗ് റോഡിൽ നിശ്ചയിച്ചിരിക്കുന്ന പരിപാടി സമാധാനപൂർവമായിരിക്കുമെന്നും വ്യക്തമാക്കി. ഔട്ടർ റിങ് റോഡിലെ ഗതാഗത തിരക്ക് പൊലീസ് ചൂണ്ടിക്കാട്ടി. ട്രാക്ടർ റാലിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഡൽഹി പൊലീസിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, കേന്ദ്രസർക്കാരും കർഷക സംഘടനകളുമായുള്ള പത്താം വട്ട ചർച്ച നാളെ ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടക്കും.
Story Highlights – Supreme Court has asked farmers to cooperate with an open mind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here