നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് ഇടതുമുന്നണി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് ഇടതു മുന്നണി. സിപിഐഎം – സിപിഐ നേതൃയോഗങ്ങള്‍ അടുത്ത മാസം ആദ്യവാരം തിരുവനന്തപുരത്തു നടക്കും. ഫെബ്രുവരി പകുതിയോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും ഏപ്രിലില്‍ തെരഞ്ഞെടുപ്പും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നൊരുക്കം. മത്സരിക്കേണ്ട നേതാക്കളുടെ കാര്യത്തിലും ഇരു പാര്‍ട്ടികളും പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആരവം കെടുംമുന്‍പേ നിയമസഭാ തെരഞ്ഞെടുപ്പിനും സിപി ഐഎം തയാറെടുപ്പു തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥികളെ വേഗം പ്രഖ്യാപിക്കാനുള്ള നീക്കവും സിപിഐഎം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഐഎം നീക്കം. അടുത്ത മാസം രണ്ടിന് സംസ്ഥാന സെക്രട്ടേറിയറ്റും മൂന്ന്, നാല് തീയതികളില്‍ സംസ്ഥാന സമിതിയും ചേരും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ആരൊക്കെ മത്സരിക്കുമെന്നതില്‍ അന്തിമ ധാരണയാവില്ലെങ്കിലും പ്രാഥമിക ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. കല്യാശേരിയാണ് പറഞ്ഞു കേള്‍ക്കുന്ന മണ്ഡലം.
പി. രാജീവ് കളമശേരിയിലും കെ. എന്‍. ബാലഗോപാല്‍ കൊട്ടാരക്കരയിലും മത്സരിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റ മറ്റു നേതാക്കളേയും സിപിഐഎം പരിഗണിക്കാനിടയുണ്ട്. എം. ബി. രാജേഷ് മലമ്പുഴയിലും പി. കെ. ബിജു തൃത്താല, കോങ്ങാട് ,തരൂര്‍ മണ്ഡലങ്ങളില്‍ ഒന്നിലോ മത്സരിച്ചേക്കും. കൂത്തുപറമ്പ് എല്‍ജെഡിക്കു നല്‍കി കെ. കെ. ശൈലജ മറ്റേതെങ്കിലും മണ്ഡലത്തിലേക്കു മാറും. ഇ. പി. ജയരാജന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു വരാന്‍ മത്സര രംഗത്തു നിന്നു മാറി നിന്നാല്‍ മട്ടന്നൂര്‍ കെ. കെ. ശൈലജക്ക് ലഭിച്ചേക്കും. പി. ജയരാജനേയും മത്സര രംഗത്ത് നിയോഗിച്ചേക്കും.. തിരുവനന്തപുരം മണ്ഡലത്തില്‍ എ. സമ്പത്തിനെ മത്സരിപ്പിക്കുന്ന കാര്യവും സിപിഐഎമ്മിന്റെ പരിഗണനയിലുണ്ട്. വി. എന്‍. വാസവനെ ഏറ്റുമാനൂരിലോ കോട്ടയത്തോ സ്ഥാനാര്‍ത്ഥിയാക്കിയേക്കും.
Story Highlights – Assembly elections; Left Front enters into candidate selection discussions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here