റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി

Journalist Siddique Kappan case, Supreme Court, KUWJ

റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ക്രമസമാധാനം പൊലീസിന്റെ അധികാര പരിധിയിലുള്ള വിഷയമാണ്. ട്രാക്ടർ റാലിക്ക് അനുമതി നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡൽഹി പൊലീസാണെന്നും, കോടതിയായിട്ട് ഉത്തരവ് പാസാക്കില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിലപാട് വ്യക്തമാക്കി. കോടതി നിലപാട് കടുപ്പിച്ചതോടെ ഡൽഹി പൊലീസ് അപേക്ഷ പിൻവലിച്ചു.

അതേസമയം, ഭാരതീയ കിസാൻ യൂണിയൻ ദേശീയ അധ്യക്ഷൻ ഭൂപീന്ദർ സിംഗ് മാൻ പിന്മാറിയ സാഹചര്യത്തിൽ സമിതി പുനഃസംഘടിപ്പിക്കാമെന്ന് കോടതി വ്യക്തമാക്കി. നോട്ടിസ് അയക്കാൻ ഉത്തരവിട്ട കോടതി, അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ നിലപാട് അറിയിക്കണമെന്ന് നിർദേശം നൽകി. സുപ്രിംകോടതി നിയോഗിച്ച സമിതിയെ അപമാനിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

അതിനിടെ, ഒരു സമിതിയുടെയും മുന്നിൽ പോകില്ലെന്ന് സമരം ചെയ്യുന്ന കർഷക സംഘടനകൾ അറിയിച്ചു. സ്റ്റേ ചെയ്ത സാഹചര്യത്തിൽ റോഡ് ഉപരോധം അവസാനിപ്പിച്ചു കൂടെയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. സമാധാനം നിലനിർത്താൻ സംഘടനകളെ ഉപദേശിക്കണമെന്ന് അഡ്വ. പ്രശാന്ത് ഭൂഷനോട് ആവശ്യപ്പെട്ടു. സമാധാനം ഉണ്ടാകുമെന്ന പ്രശാന്ത് ഭൂഷന്റെ വാക്ക് വിശ്വസിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Story Highlights – Farmers protest, Farm law

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top