സംസ്ഥാനത്തെ ജലാശയങ്ങളില്‍ സോളാര്‍ പാനലുകള്‍; സാധ്യതാ പരിശോധന തുടങ്ങി

സംസ്ഥാനത്തെ ജലസേചന പദ്ധതി പ്രദേശങ്ങളില്‍ കൂടുതല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ സാധ്യതാ പരിശോധന ആരംഭിച്ചു. ഇടമലയാര്‍ ജലസേചന പദ്ധതി പ്രദേശത്ത് 4,01,274 ചതുരശ്രമീറ്ററും പെരിയാര്‍ വാലി പദ്ധതിയില്‍ പെരുമ്പാവൂരിന് കീഴില്‍ 6,27,236 ചതുരശ്ര മീറ്ററും പിവിഐപി ഡിവിഷന്റെ കീഴില്‍ 3316.71 ചതുരശ്ര മീറ്ററും ചാലക്കുടി റിവര്‍ ഡൈവര്‍ഷന്‍ സ്‌കീമില്‍ 34,140 ചതുരശ്ര മീറ്ററും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മലങ്കര ഡാമിന്റെ റിസര്‍വോയര്‍ പ്രദേശത്തും മൂവാറ്റുപുഴ പദ്ധതിയുടെ പ്രധാന കനാലിന്റെയും മുകളില്‍ 80 കിലോമീറ്റര്‍ ദൂരത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. തിരുവനന്തപുരം ജില്ലയിലെ ആറ്റുകാല്‍, തിരുമല ജലസംഭരണികളില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റുകള്‍ കഴിഞ്ഞ ഒക്ടോബറോടെ പ്രവര്‍ത്തനം ആരംഭിച്ചു. 2.12 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഓരോ പ്ലാന്റുകളുടെയും ശേഷി 100 കിലോവാട്ട് വീതമാണ്.
ജല അതോറിറ്റിയും ജലസേചന വകുപ്പുമാണ് അവരുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ സോളാര്‍ പാനലുകള്‍ വിന്യസിക്കുന്നത്. വകുപ്പുകളുടെ കീഴിലുള്ള കെട്ടിടങ്ങളുടെ പുരപ്പുറത്തും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 1000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Story Highlights – Solar panels
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here