89കാരിയുടെ പരാതി എന്തിന് വനിതാ കമ്മിഷന് നൽകി? വയോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാൻ വിളിച്ച ബന്ധുവിന് എം. സി ജോസഫൈന്റെ ശകാരവർഷം

വയോധികയുടെ പരാതി സംബന്ധിച്ച് ചോദിക്കാൻ വിളിച്ചതിന് അധിക്ഷേപിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ എം. സി ജോസഫൈൻ. 89 വയസുള്ള ആളുടെ പരാതി എന്തിനാണ് വനിതാ കമ്മീഷന് നൽകുന്നതെന്ന് ജോസഫൈൻ ചോദിച്ചു. ഇതിന്റെ ശബ്ദ രേഖ പുറത്തുവന്നു.
പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനി ലക്ഷ്മിക്കുട്ടിയാണ് പരാതിക്കാരി. മദ്യപിച്ച് അയൽവാസി മർദിച്ച സംഭവത്തിലാണ് ലക്ഷ്മിക്കുട്ടി പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് വനിതാ കമ്മിഷനിൽ പരാതി നൽകിയത്. ഹിയറിംഗിന് ലക്ഷ്മിക്കുട്ടി നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതേപ്പറ്റി ചോദിക്കാൻ വിളിച്ചപ്പോഴായിരുന്നു ലക്ഷ്മിക്കുട്ടിയുടെ ബന്ധുവിനോട് വനിതാ കമ്മിഷൻ കയർത്തത്. പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിംഗിന് ഹാജരാകണമെന്ന് പറഞ്ഞതായും ബന്ധു പറയുന്നു.
അതേസമയം, സംഭവം വിവാദമായപ്പോൾ പ്രതികരിച്ച് ജോസഫൈൻ രംഗത്തെത്തി. പരാതിക്കാരിയുടെ ബന്ധു ഫോൺ സംഭാഷണം ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ജോസഫൈൻ പറഞ്ഞു. പരാതിക്കാരിയുടെ ഇടപെടൽ രാഷ്ട്രീയ പ്രേരിതമാണെന്നും ജോസഫൈൻ പറഞ്ഞു.
Story Highlights – M C Josephine