ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തെ പുകഴ്ത്തി മുഹമ്മദ് ഹഫീസ്

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തെ പുകഴ്ത്തി പാക് ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്. ഓസ്ട്രേലിയക്കെതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഹഫീസ് രംഗത്തെത്തിയത്. നിരവധി താരങ്ങൾക്ക് പരുക്ക് പറ്റിയിട്ടും ഓസ്ട്രേലിയയെ പരാജയപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചത് ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തിൻ്റെ മികവാണെന്ന് പറഞ്ഞു. പാകിസ്താനിലെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം അത്ര ശക്തമല്ലെന്നും ഹഫീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“36 റൺസിന് ഓൾഔട്ടായിട്ടും, ക്യാപ്റ്റൻ നാട്ടിലേക്ക് മടങ്ങിയിട്ടും, നിരവധി താരങ്ങൾ പരുക്കേറ്റ് പുറത്തായിട്ടും ഇന്ത്യ പരമ്പര വിജയിച്ചത് യുവതാരങ്ങളെ നന്നായി വളർത്തിയെടുത്ത് മികച്ച താരങ്ങളാക്കി മാറ്റുന്നതാണ്. നിർഭാഗ്യവശാൽ, യുവതാരങ്ങളെ മികച്ച താരങ്ങളായി വളർത്തിയെടുക്കാൻ നമുക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് അവരിൽ പലരും രാജ്യാന്തര ക്രിക്കറ്റിൽ ശോഭിക്കാത്തത്. യുവതാരങ്ങളെ മികച്ച രീതിയിൽ വളർത്തിയെടുക്കാൻ നമ്മൾ ശ്രമിക്കണം. ഇന്ത്യ അത് ചെയ്യുന്നുണ്ട്.”- ഹഫീസ് പറഞ്ഞു.
Read Also : ഓസീസിനെതിരായ പരമ്പര ജയം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിൽ ഇന്ത്യ ഒന്നാമത്
ബോർഡർ ഗവാസ്കർ ട്രോഫി ഐതിഹാസികമായി വിജയിച്ച ഇന്ത്യൻ ടീമിനെ പാക് വെറ്ററൻ അഭിനന്ദിക്കുകയും ചെയ്തു. അത്രയേറെ തിരിച്ചടികൾ നേരിട്ടിട്ടും തികെ വന്നത് അവിശ്വസനീയമായിരുന്നു. ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയിൽ ആ വിജയം എനിക്ക് ഇഷ്ടമായി എന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിന് ഓൾഔട്ടായി നാണം കെട്ട് പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. മുൻനിര ബൗളർമാരൊക്കെ പരുക്കേറ്റ് പുറത്തായപ്പോൾ റിസർവ് താരങ്ങളും നെറ്റ് ബൗളർമാരും വരെ ഇന്ത്യക്കായി അരങ്ങേറി. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റൻ വിരാട് കോലി പറ്റേണിറ്റി അവധിയിൽ നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയായി. എന്നാൽ, സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ കീഴിൽ പിന്നീട് ഇന്ത്യ നടത്തിയത് അവിശ്വസനീയ തിരിച്ചുവരവായിരുന്നു. അഡലെയ്ഡ് ടെസ്റ്റിൽ 8 വിക്കറ്റിനു വിജയിച്ച ഇന്ത്യ സിഡ്നി ടെസ്റ്റിൽ വീരോചിത സമനില പിടിച്ചു. 32 വർഷമായി ഓസ്ട്രേലിയ തോൽവി അറിഞ്ഞിട്ടില്ലാത്ത ഗാബയിൽ അവരെ 3 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര വിജയിച്ചത്.
Story Highlights – Mohammad Hafeez Lauds The Domestic Cricket Setup In India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here