ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സിബിഐ അന്വേഷണം ആയുധമാക്കാന്‍ എല്‍ഡിഎഫ്

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ സിബിഐ അന്വേഷണം നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് എല്‍ഡിഎഫ് ശക്തമായ ആയുധമാക്കും. സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചായിരിക്കും യുഡിഎഫ് പ്രതിരോധം തീര്‍ക്കുക. ബിജെപി ദേശീയ ഉപാധ്യക്ഷനെതിരെ കൂടിയുള്ള കേസില്‍ സിബിഐ എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി അറിയേണ്ടത്.
സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും ഇരുതല മൂര്‍ച്ചയുള്ള വാളാണ് സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണം. യുഡിഎഫിന്റെ പ്രചാരണ നായകനായെത്തിയ ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കാമെന്നു മാത്രമല്ല, ബിജെപി ദേശീയ ഉപാധ്യക്ഷനും അന്വേഷണത്തിന്റെ പരിധിയില്‍ വരികയാണ്. യുഡിഎഫിന് നല്‍കാവുന്ന വലിയ പ്രഹരമാണ് ഉമ്മന്‍ചാണ്ടിക്കെതിരായ സിബിഐ അന്വേഷണ ശുപാര്‍ശ. ഒപ്പം കെ.സി.വേണുഗോപാലും എ.പി.അനില്‍കുമാറും അടൂര്‍ പ്രകാശും ഹൈബി ഈഡനും.
സിബിഐ അന്വേഷണം ഏറ്റെടുത്താല്‍ ലൈഫ് പദ്ധതികളിലുള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലുകളില്‍ വലഞ്ഞുനില്‍ക്കുന്ന എല്‍ഡിഎഫിന് അതൊരു ഊര്‍ജമാകും. ദേശീയ ഉപാധ്യക്ഷന്‍ കേസില്‍ ഉള്‍പ്പെടുന്നതോടെ ബിജെപിയും പ്രതിരോധത്തിലാകുമെന്ന് സിപിഐഎം കണക്കുകൂട്ടുന്നു. സിബിഐ അന്വേഷണത്തിന് ശുപാര്‍ശയുണ്ടാകുമെന്നു മുന്‍കൂട്ടി കണ്ടിരുന്ന യുഡിഎഫ് ക്യാമ്പ് സര്‍വ സന്നാഹങ്ങളുമെടുത്തു തിരിച്ചടിക്കാനാണ് ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള പൊടിക്കൈ മാത്രമാണ് സിബിഐ അന്വേഷണ ശുപാര്‍ശയെന്നായിരിക്കും യുഡിഎഫിന്റെ നിലപാട്. ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായിരിക്കും ശ്രമം. പിണറായി വിജയന്റെ പൊലീസ് സംഘം നാലര വര്‍ഷത്തിലേറെ അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാനായില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടും.
അതേസമയം കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം എങ്ങിനെ പ്രതിഫലിക്കുമെന്നതും കാത്തിരുന്നു കാണേണ്ടതുണ്ട്. സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആവശ്യപ്പെട്ട ബിജെപി പുതിയ സാഹചര്യത്തില്‍ എങ്ങിനെ പ്രതികരിക്കുമെന്നതും കൗതുകകരം തന്നെ.
Story Highlights – LDF to use CBI probe against Oommen Chandy and others
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here