യുപി പൊലീസ് കർഷകരെ വീട്ടു തടങ്കലിൽ വച്ചിരിക്കുന്നു; ആരോപണവുമായി സമാജ്‌വാദി പാർട്ടി

farmers house arrest UP

നാളെ നടക്കാനിരിക്കുന്ന ട്രാക്ടർ റാലിയുടെ പശ്ചാത്തലത്തിൽ യുപിപൊലീസ് കർഷകരെ വീട്ടുതടങ്കലിൽ വച്ചിരിക്കുന്നു എന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സമാജ്‌വാദി പാർട്ടിയുടെ ആരോപണം. ഒരു പത്രവാർത്ത പങ്കുവച്ചു കൊണ്ടാണ് പാർട്ടി സംസ്ഥാന സർക്കാരിനെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്.

‘ജനുവരി 26നു നടക്കാനിരിക്കുന്ന ട്രാക്ടർ റാലി തടയുന്നതിനായി പൂർവാഞ്ചലിലെ കർഷകരെ ബിജെപി വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. അവർക്ക് ഡീസൽ നൽകരുതെന്ന് പെട്രോൾ പമ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. കോർപറേറ്റുകളുടെ അത്യാർത്തി കാരണം, അന്ധരായ ഈ സർക്കാർ കർഷകരെ നേരെ എല്ലാവിധത്തിലും പീഡിപ്പിക്കുകയാണ്.’- ട്വിറ്റർ ഹാൻഡിലിൽ സമാജ്‌വാദി പാർട്ടി കുറിച്ചു.

ട്രാക്ടർ റാലിക്കൊരുങ്ങുന്ന കർഷരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സപ്ലേ ഓഫീസർമാർക്കാണ് സർക്കാർ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ലൈവ് ഹിന്ദുസ്താൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Read Also : കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകേണ്ടെന്ന് യുപി സർക്കാർ; റിപ്പോർട്ട്

അതേസമയം, പെട്രോൾ പമ്പുകളിൽ പൊലീസും ഇത്തരത്തിൽ നോട്ടീസ് പതിപ്പിച്ചിരുന്നു. കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്നും നൽകിയാൽ പമ്പുടമകൾ ഉത്തരവാദികളായിരിക്കുമെന്നും നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. യുപി ഗാസിപൂരിലെ പമ്പുകളിലാണ് പൊലീസ് ഇത്തരത്തിലുള്ള നോട്ടീസുകൾ പതിപ്പിച്ചത്. പിന്നീട്, ഈ നോട്ടീസ് അബദ്ധത്തിൽ പതിപ്പിച്ചതാണെന്നും അവ മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

നാളെ ഡൽഹിയിലാണ് കർഷകരുടെ ട്രാക്ടർ റാലി നടക്കുക. റാലിയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ പാകിസ്താൻ ശ്രമിക്കുമെന്ന ആശങ്ക ഡൽഹി പൊലീസ് പങ്കുവച്ചിരുന്നു. അതിനാൽ തന്നെ, അഭ്യൂഹങ്ങളിൽ വീഴരുതെന്ന് സംഘടനകൾ കർഷകരോട് ആവശ്യപ്പെട്ടു. സംയുക്ത കിസാൻ മോർച്ച പ്രത്യേക ഹെൽപ് ലൈൻ നമ്പർ തുറന്നു.

Story Highlights – Samajwadi Party said farmers are being kept under house arrest by the UP Police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top