സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് ബിജെപിയുമായുള്ള രഹസ്യ ധാരണയെ തുടര്‍ന്ന്; ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ട: രമേശ് ചെന്നിത്തല

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് ബിജെപിയുമായുള്ള രഹസ്യ ധാരണയെ തുടര്‍ന്നാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാമെന്ന് കരുതണ്ട. ഏത് അന്വേഷണത്തെയും യുഡിഎഫ് ഒറ്റക്കെട്ടായി നേരിട്ടും. ജനങ്ങള്‍ വിഡ്ഡികളാണെന്ന് എല്‍ഡിഎഫ് കരുതരുത്. ഇരകള്‍ നേരിട്ട് ആവശ്യപ്പെട്ട കേസുകളില്‍ പോലും സിബിഐ അന്വേഷണത്തെ എതിര്‍ത്ത പിണറായിക്ക് ഇപ്പോള്‍ സിബിഐയോട് പ്രേമം എവിടെ നിന്ന് വന്നുവെന്നും ചെന്നിത്തല ചോദിച്ചു. സോളാര്‍ കേസ് സിബിഐക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അഞ്ച് വര്‍ഷക്കാലം അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താന്‍ സാധിക്കാത്ത സോളാര്‍ കേസ് വീണ്ടും പൊടിതട്ടിയെടുക്കുന്നത് തികച്ചും രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനുള്ള നടപടിയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായി. യുഡിഎഫിനെ നേരിടാന്‍ കഴിയാത്ത അവസ്ഥയാണ് എല്‍ഡിഎഫിന്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന തിരിച്ചറിവിലാണ് സോളാര്‍ കേസ് പൊടിതട്ടിയെടുത്തിരിക്കുന്നത്. ഏത് അന്വേഷണത്തെയും യുഡിഎഫ് നേരിടും.

രാഷ്ട്രീയമായ ഗൂഢാലോചനയാണ് നടക്കുന്നത്. അത് ജനങ്ങള്‍ തിരിച്ചറിയും. ഇതിന് മുന്‍പ് എത്രയോ കേസുകള്‍ സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടിട്ടും വിട്ടിട്ടില്ല. കേരളത്തിലെ ജനങ്ങള്‍ വിഡ്ഡികളാണെന്ന് ഇടത് മുന്നണി കരുതരുത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് കണ്ട് എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്ന ഈ തെറ്റായ മാര്‍ഗത്തിന് ജനം മറുപടി നല്‍കും.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തിലെ ആഭ്യന്തര വകുപ്പ് എന്ത് ചെയ്യുകയായിരുന്നു. നിയമത്തിന് മുന്‍പില്‍ നിലനില്‍ക്കാത്ത കേസ് തെരഞ്ഞടുപ്പ് അടുത്തപ്പോള്‍ കുത്തിപ്പൊക്കി ബിജെപിയുടെ സഹായത്തോടെ സിബിഐക്ക് വിടാനാണ് ശ്രമം നടക്കുന്നത്. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട. സിബിഐയോട് ഇതുവരെയില്ലാതിരുന്ന പ്രേമം പിണറായി വിജയന് ഇപ്പോള്‍ ഉണ്ടായത് എങ്ങനെയാണ്. ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധത്തിന്റെ ഭാഗമായാണ് കേസ് സിബിഐയ്ക്ക് വിടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights – Solar case – CBI – Ramesh Chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top