Advertisement

ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു

January 26, 2021
Google News 2 minutes Read

ട്രാക്ടര്‍ റാലിക്ക് പിന്നാലെ പൊലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ഡല്‍ഹി മെട്രോ ഭാഗികമായി അടച്ചു. ഡല്‍ഹി നഗരത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് കര്‍ഷകര്‍ മുന്നേറുകയായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും കര്‍ഷകര്‍ പിന്മാറിയില്ല.

അതിനിടെ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ എത്തിയ കര്‍ഷകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കര്‍ഷകരെ അടിച്ചോടിച്ച പൊലീസ് കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ട്രാക്ടറുകളുടെ കാറ്റ് അഴിച്ചുവിടുകയും ഇന്ധനടാങ്ക് തുറന്നുവിടുകയും ചെയ്തു.

നേരത്തെ, സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായി. പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ട്രാക്ടര്‍ റാലി റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ എട്ടുമണിയോടെ റാലി ആരംഭിക്കാന്‍ പൊലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പൊലീസ് ബാരിക്കേഡ് മറികടന്നാണ് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു. ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്.

Story Highlights – Gates Of Several Delhi Metro Stations Closed Amid Farmers’ Protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here