പത്തനംതിട്ട നഗരസഭാ ഭരണം; സിപിഐഎം തെറ്റുതിരുത്തണമെന്ന് സിപിഐ

പത്തനംതിട്ട നഗരസഭാ ഭരണം എസ്ഡിപിയുമായി സിപിഐഎം പങ്കു വെച്ചിരിക്കുന്നു എന്ന ആരോപണവുമായി സിപിഐ ജില്ലാ നേതൃത്വം. നഗരസഭയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് കൗണ്‍സിലര്‍മാരെ വിന്യസിച്ചതില്‍ സിപിഐഎമ്മിന് ജാഗ്രത കുറവുണ്ടായി. തെറ്റ് തിരുത്താന്‍ സിപിഐഎം തയാറാകണമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അടൂര്‍ സേതു ആവശ്യപ്പെട്ടു.

പത്തനംതിട്ട നഗരസഭാ ഭരണത്തില്‍ സിപിഐഎം- എസ്ഡിപിഐ ബന്ധമെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജില്ലയിലെ സിപിഐ നേതൃത്വം. നഗരസഭയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ ഒന്നില്‍ എസ്ഡിപിഐയിലെ മൂന്ന് അംഗങ്ങള്‍ വരികയും ഒരാള്‍ ചെയര്‍മാന്‍ ആവുകയും ചെയ്തതില്‍ സിപിഐയുടെ പ്രാദേശിക നേതൃത്വം പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അവരുടെ ആരോപണം തെറ്റാണെന്നും സിപിഐ ജില്ലാ നേതൃത്വം അവരെ തിരുത്തണമെന്നും സിപിഐഎം മുന്‍സിപ്പല്‍ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രാദേശിക നേതാക്കളുടെ ആരോപണം തെറ്റല്ലെന്നും ആരോപണത്തില്‍ ജില്ലാ നേതൃത്വം ഉറച്ചു നില്‍ക്കുന്നതായും വര്‍ഗീയ പാര്‍ട്ടിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് തിരുത്താന്‍ സിപിഐഎം തയ്യാറാവണമെന്നും സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അടൂര്‍ സേതു പറഞ്ഞു.

എസ്ഡിപിഐയുമായി രഹസ്യ ധാരണ ഉണ്ടാക്കിയത് നഗരസഭാ ചെയര്‍മാനാണോ, അതോ മറ്റാരെങ്കിലുമാണോ എന്ന് സിപിഐഎം നേതൃത്വം പരിശോധിക്കണം. ഈ കൂട്ട് കെട്ട് അവസാനിപ്പിച്ചില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അത് സാരമായി ബാധിക്കുമെന്നും സിപിഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

Story Highlights – Pathanamthitta Corporation; The CPI wants the CPIM to correct mistakes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top