വാളയാർ സഹോദരിമാരുടെ മരണം; അന്വേഷണം സിബിഐക്ക് കൈമാറി സർക്കാർ വിജ്ഞാപനം ഇറക്കി

പാലക്കാട് വാളയാർ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി സർക്കാർ വിജ്ഞാപനം ഇറക്കി. പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് വിജ്ഞാപനം ഇറങ്ങിയത്. കേസന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന് അറിയിച്ച പെൺകുട്ടികളുടെ അമ്മ പാലക്കാട് അനിശ്ചിത കാല സത്യഗ്രഹം ആരംഭിച്ചു.
Read Also : വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്സോ കോടതി
പെൺകുട്ടികളുടെ കുടുംബത്തിൻറെയും വാളയാർ സമര സമിതിയുടെയും ആവശ്യം പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് കൈമാറാനുള്ള സർക്കാർ വിജ്ഞാപനം. നേരത്തെ തീരുമാനമെടുത്തെങ്കിലും വിജ്ഞാപനമിറക്കുന്നതിലെ നിയമ തടസ്സമായിരുന്നു നടപടി വൈകിയതിന് കാരണം. ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പാലക്കാട് പോക്സോ കോടതി തുടരന്വേഷണ അനുമതി നൽകിയതോടെ നിയമതടസ്സം നീങ്ങി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം പ്രതികരിച്ചു.
ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കും വരെ പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻറിന് സമീപത്തെ സമരപ്പന്തലിൽ സത്യാഗ്രഹമിരിക്കാനാണ് അമ്മയുടെ തീരുമാനം.
2017ലാണ് വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ തുടർന്ന് തൂങ്ങി മരിച്ചുവെന്ന വാർത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നാണ് മരിച്ചത്. ഇതിന് രണ്ട് മാസത്തിന് ശേഷം മാർച്ച് നാലിന് ഇളയ സഹോദരിയും തൂങ്ങി മരിച്ചു. അഞ്ചു പ്രതികളുണ്ടായിരുന്ന കേസിൽ പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു. തുടർന്ന് വാളയാർ കേസ് പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടു. ഈ വിധി പിന്നീട് ഹൈക്കോടതി റദ്ദാക്കി.
Story Highlights – valayar case handed over to cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here